ദോഹയിൽ താമസ സ്ഥലത്ത് പ്രവാസി മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ശ്രീകണ്ഠാപുരം സ്വദേശി സുധീഷ് അരിയങ്ങോട്ട് (39) ആണ് ഐൻ ഖാലിദിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെടുക്കുന്നത്. മൃതദേഹത്തിന് മൂന്ന് ദിവസത്തിലേറെ പഴക്കമുള്ളതായാണ് വിവരം.
ഐൻ ഖാലിദിലെ മുറിയിൽ ഒറ്റയ്ക്കായിരുന്നു സുധീഷ് താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങളായി ആളെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. മുറിയിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മുറി തുറന്ന പൊലീസാണ് മൃതദേഹം കണ്ടെത്തിയത്.
സുഹൃത്തുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. സംഭവത്തിൽ പോലീസിന്റെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം ഹമദ് ആശുപത്രി മോർച്ചറിയിലാണുള്ളത്.
ഐടി വിദഗ്ധനായ സുധീഷ് ഖത്തർ ഫൗണ്ടേഷൻ ഉൾപ്പെടെ ഖത്തറിൽ വിവിധ കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. നിലവിൽ പുതിയ വീസയിലെത്തിയതായിരുന്നു ഇദ്ദേഹം.