ഖത്തറിൽ ഫുട്‌ബോൾ പരിശീലിപ്പിക്കാനുള്ള ‘ബി ലൈസൻസ്’ നേടുന്ന ആദ്യ ഇന്ത്യക്കാരനായി മലയാളി

പ്രവാസി ഫുട്ബോൾ പരിശീലകനും മലയാളിയുമായ ഹാൻസൺ ജോസഫിന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ എഎഫ്സി ബി ഡിപ്ലോമ നൽകി ആദരിച്ചു. ഖത്തറിൽ ബി ലൈസൻസ് നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് ജോസഫ്. 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പരിശീലിപ്പിക്കാൻ ഒരു പരിശീലകനെ യോഗ്യനാക്കുന്ന യുവേഫ അംഗീകൃത സർട്ടിഫിക്കറ്റ് ആണ് ബി ലൈസൻസ്.

ഖത്തർ ഫുട്ബോൾ അസോസിയേഷന്റെ ജനറൽ കോഴ്‌സ് കോർഡിനേറ്ററായ നജീബ് അൽ തൈരിയിൽ നിന്നാണ് ജോസഫ് ഡിപ്ലോമ സ്വീകരിച്ചത്. “ഇത്തരമൊരു പ്രോഗ്രാം പൂർത്തിയാക്കി ഡിപ്ലോമ ലഭിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ വളരെ സന്തോഷവാനാണ്. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കാൻ എനിക്ക് മാസങ്ങളോളം പരിശീലനവും കഠിനാധ്വാനവും വേണ്ടി വന്നു. എന്റെ വിദ്യാർത്ഥികൾക്ക് മികച്ച കോച്ചിംഗും സാങ്കേതിക വിദ്യകളും നൽകാൻ ഇത് എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” വിവിധ പ്രായ വിഭാഗങ്ങളിലെ സ്കൂൾ വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന ജോസഫ് പറഞ്ഞു.

ബി ലൈസൻസ് ഡിപ്ലോമ പൂർത്തിയാക്കാൻ ആഗ്രഹിക്കുന്നവർ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകണം. ആദ്യം ഡി ലൈസൻസിനുള്ള പരിശീലനം പൂർത്തിയാക്കണം, ആറ് ദിവസത്തെ കോഴ്സ്. ഫുട്ബോൾ മോഹികളെ അടിസ്ഥാന വൈദഗ്ധ്യത്തോടെ പരിശീലിപ്പിക്കുന്ന കോഴ്സാണിത്. ശേഷം അവർക്ക് 18 ദിവസത്തെ പ്രോഗ്രാമായ സി ലൈസൻസിന് അപേക്ഷിക്കാം. ഇത് 12 വയസ്സുവരെയുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനുള്ള ലൈസൻസ് നൽകുന്നു.

C ലൈസൻസ് പൂർത്തിയാക്കിയവർക്ക് മാത്രമേ B ലൈസൻസിന് പരിശീലനം ലഭിക്കുകയുള്ളൂ, ഇത് 17 വയസ്സ് വരെ പ്രായമുള്ള കുട്ടികളെ പരിശീലിപ്പിക്കാൻ ഒരു പരിശീലകനെ യോഗ്യനാക്കുന്നു. B ലൈസൻസ് പ്രോഗ്രാമിൽ 28 ദിവസത്തെ പരിശീലന സെഷനുകളും ലൈസൻസിംഗ് പ്രോഗ്രാമും ഉൾപ്പെടുന്നു. UEFA അംഗീകരിച്ചതാണ് ഈ കോഴ്‌സുകൾ.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/KNjF4YIFR12BVGJHu9svlJ

Exit mobile version