ദോഹ: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി, ‘ആസാദി കാ അമൃത് മഹോത്സവ്’ ക്യാമ്പയിനുമായി ദോഹയിലെ ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐസിസി). 2021 ഓഗസ്റ്റ് 13 ന് ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി സഹകരിച്ച് വൻ രക്തദാന പരിപാടി സംഘടിപ്പിക്കുകയാണ് സംഘടന.
ഐസിസി അശോക ഹാളിൽ രാവിലെ 8 മുതൽ വൈകുന്നേരം വരെ നീളുന്ന പരിപാടിക്കായി, ആവശ്യമായ കിടക്കകളും ലോജിസ്റ്റിക്സും മറ്റു ക്രമീകരണങ്ങളും ഹമദ് മെഡിക്കൽ കോർപ്പറേഷനാണ് സജ്ജമാക്കുന്നത്. ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ.ദീപക് മിത്തൽ രാവിലെ 9 മണിക്ക് ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഐസിസി ഇതാദ്യമായാണ് രക്തദാന പരിപാടി നടത്തുന്നത്. അനുബന്ധ സംഘടനകൾ, ഐസിസി അംഗങ്ങൾ, ഐസിസി യൂത്ത് വിംഗ്, ഐസിസി സ്റ്റുഡന്റ് ഫോറം, സന്നദ്ധപ്രവർത്തകർ തുടങ്ങിയവർ ബൃഹത് യജ്ഞത്തിൽ പങ്കുകൊള്ളും.
രക്തദാനത്തിന് സന്നദ്ധരും യോഗ്യരുമായ ഖത്തറിലെ എല്ലാ ഇന്ത്യക്കാർക്കും ക്യാമ്പിൽ പങ്കെടുക്കാം. ദാതാക്കൾക്ക് രജിസ്‌ട്രേഷനായി iccqatar@gmail.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുകയോ അല്ലെങ്കിൽ 55641025, 33448088 എന്ന നമ്പറിൽ വിളിക്കുകയോ ആണ് വേണ്ടത്.