ലുസൈൽ ഡ്രൈവ് ത്രൂ പിസിആർ സെന്റർ തുറന്നു; ഇന്ത്യ പിസിആർ നിബന്ധന മാറ്റണം എന്നാവശ്യം ശക്തം

ലുസൈൽ: ഖത്തറിലെ പിസിആർ പ്രതിസന്ധിക്ക് പരിഹാരമാവാൻ, പിസിആർ പരിശോധനക്ക് വേണ്ടി മാത്രമായി ലുസൈലിൽ ആരോഗ്യമന്ത്രാലയത്തിന്റെ ഡ്രൈവ് ത്രൂ കേന്ദ്രം തുറന്നു. ഇത് ലുസൈൽ സർക്യൂട്ടിന് എതിർവശത്താണ് സ്ഥിതി ചെയ്യുന്നത്. ആഴ്ച്ചയിൽ മുഴുവൻ ദിവസവും പ്രവർത്തിക്കുന്ന ഇവിടെ കാറുകളിലെത്തി രാവിലെ 8 മുതൽ രാത്രി 10 വരെ ടെസ്റ്റ് ചെയ്യാം. രാത്രി 9 മണി വരെയാണ് അവസാന പ്രവേശനം. സ്വന്തം വാഹനമില്ലാത്തവർക്ക് ടാക്സി ഉപയോഗിക്കാം.

പിസിആർ മാത്രമേ ഇവിടെ ലഭിക്കൂ. ആന്റിജൻ ടെസ്റ്റ് 28 പിഎച്സിസി കേന്ദ്രങ്ങളിലാണ് ലഭ്യമാവുക. ഖത്തറിൽ പിസിആർ ടെസ്റ്റ് ലഭ്യമാകുന്ന ഏക പിഎച്സിസി കേന്ദ്രവും ഇതായിരിക്കും. പ്രധാനമായും ഖത്തറിൽ നിന്ന് തിരിക്കുന്ന യാത്രക്കാർക്കാണ് നിലവിൽ പിസിആർ ടെസ്റ്റ് ആവശ്യമായുള്ളത്. പുതിയ കേന്ദ്രം ഇവർക്കാണ് പ്രയോജനപ്പെടുക.

പരിശോധനക്കെത്തുന്നവർ ഹെൽത്ത് കാർഡും, ഖത്തർ ഐഡിയും, മാസ്കും ഇഹ്തിറാസ് ആപ്പും കരുതണം.

അതേസമയം, ഖത്തറിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുന്ന യാത്രക്കാർക്കുള്ള 72 മണിക്കൂറിലെ പിസിആർ നെഗറ്റീവ് ഫലം എന്ന നിബന്ധന ഇന്ത്യ എടുത്തു കളയണമെന്ന ആവശ്യം ശക്തമാകുന്നു. ഇത് സംബന്ധിച്ച് ഖത്തർ കെഎംസിസി ഉൾപ്പെടെയുള്ള സംഘടനകൾ അംബാസിഡർക്ക് പരാതി ബോധിപ്പിച്ചിട്ടുണ്ട്.

പകരം റാപ്പിഡ് ആന്റിജൻ ടെസ്റ്റ് അനുവദിക്കണമെന്നാണ് ആവശ്യം. പിസിആർ പരിശോധന ഫലം കൃത്യസമയത്ത് ലഭിക്കാത്തതിനാൽ നിരവധി യാത്രക്കാർക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ യാത്ര മുടങ്ങിയത്.

Exit mobile version