ലോകകപ്പ് ഉൾപ്പെടെ മുൻനിർത്തി ഖത്തറിൽ ഏഴോളം പുതിയ ഔട്ട്ലെറ്റുകൾ തുറക്കാൻ ലുലു

തിങ്കളാഴ്ച ഖത്തർ അബു സിദ്രയിൽ ആരംഭിച്ച പുതിയ ഹൈപ്പർമാർക്കറ്റിന് ആദ്യദിനം മുതൽക്കേ മികച്ച പ്രതികരണം ലഭിച്ചതോടെ, 2022 ഓടെ ഖത്തറിൽ പുതിയ 7 ഔട്ലെറ്റുകൾ ഉൾപ്പെടെ സ്ഥാപിക്കാൻ പദ്ധതിയിട്ട് ലുലു ഗ്രൂപ്പ്. ഖത്തറിലെ പതിനഞ്ചാമത്തെ ഔട്ട്‌ലെറ്റ് ആണ് തിങ്കളാഴ്ച തുറന്നത്. അടുത്ത വർഷത്തോടെ ഔട്ലെറ്റുകളുടെ എണ്ണം 22 ലേക്ക് ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.

കോവിഡ് 19 പ്രോട്ടോകോളുകൾ പാലിച്ച് സമൂഹ്യ അകലം ഉൾപ്പെടെ ഉറപ്പുവരുത്തി തിരക്കില്ലാത്ത ഷോപ്പിംഗ് അനുഭവമാണ് പുതിയ ലുലു പ്രദാനം ചെയ്യുന്നതെന്ന് ഗ്രൂപ്പ് ഡയറക്ടർ ഡോ.അൽത്താഫ് മുഹമ്മദ് പറഞ്ഞു. ആദ്യദിനം മുതൽ അഭൂതപൂർവമായ പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിക്കുന്നത്. ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് ഉൾപ്പെടെയുള്ള സാങ്കേതിക സൗകര്യങ്ങൾ ഉപയോഗിച്ചുള്ള സ്മാർട്ട് ഷോപ്പിംഗ് ആണ് അബു സിദ്ര ഹൈപ്പർമാർക്കറ്റിന്റെ ആകർഷണമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

2022 ഫിഫ ലോകകപ്പ് ഉൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുൻനിർത്തി ഖത്തറിൽ ജനസംഖ്യ വർധിക്കാനിടയുള്ള സാഹചര്യത്തിലാണ് ലുലു കൂടുതൽ ഔട്ട്ലെറ്റുകൾ തുറക്കുന്നതെന്നും ഡോ.അൽത്താഫ് വിശദമാക്കി. 

ആഗോളതലത്തിൽ 215-ആമത് ഔട്ട്‌ലെറ്റ് കൂടിയാണ് തിങ്കളാഴ്ച ലുലു അബൂ സിദ്രയിൽ തുറന്നത്. 24,000 ചതുരശ്ര മീറ്ററിൽ നിലകൊള്ളുന്ന പുതിയ ഹൈപ്പർമാർക്കറ്റ് ലുലുവിന്റെ ഇതുവരെയുള്ളതിൽ ഏറ്റവും വലുതും നൂതന സജ്ജീകരണങ്ങളോട് കൂടിയുള്ളതുമാണ്.

Exit mobile version