ഖത്തറിൽ 13 വയസു വരെയുള്ള കുട്ടികൾക്കായുള്ള കിഡ്‌സ് എക്സ്പോ 2024 ആരംഭിച്ചു

13 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള കിഡ്‌സ് എക്‌സ്‌പോ 2024 എന്ന പ്രത്യേക പരിപാടി ഇന്നലെ ഖത്തറിൽ ആരംഭിച്ചു. നാല് ദിവസം നീണ്ടു നിൽക്കുന്ന ഈ ഇവൻ്റ് കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, വിനോദം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. “നമ്മുടെ കുട്ടികളാണ് ഏറ്റവും വലിയ സമ്പത്ത്” എന്ന പ്രമേയത്തിൽ നടക്കുന്ന ഇവന്റ് രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ പരിപാടിയാണ്.

2024 നവംബർ 20 മുതൽ 23 വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻ്ററിൽ (ഡിഇസിസി) 7,000 ചതുരശ്ര മീറ്റർ വിസ്‌തൃതിയിലുള്ള സ്ഥലത്താണ് എക്‌സ്‌പോ നടക്കുന്നത്. സർക്കാർ, സ്വകാര്യ സംഘടനകളുടെ സഹകരണത്തോടെ ദാർ അൽ ഷാർഖ് ഗ്രൂപ്പാണ് ഇത് സംഘടിപ്പിക്കുന്നത്. സാമൂഹിക വികസന കുടുംബ മന്ത്രാലയത്തിലെ സാമൂഹിക വികസന കാര്യങ്ങളുടെ അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഫഹദ് മുഹമ്മദ് അൽ ഖയാറിൻ സാമൂഹിക വികസന കുടുംബ മന്ത്രിയെ പ്രതിനിധീകരിച്ച് പരിപാടി ഉദ്ഘാടനം ചെയ്‌തു.

എക്‌സ്‌പോ പ്രതിദിനം 1,500-ലധികം സന്ദർശകരെ ആകർഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇവെന്റിന്റെ ആദ്യത്തെ ദിവസം തന്നെ വലിയ രീതിയിലുള്ള ജനപങ്കാളിത്തം ഉണ്ടായിരുന്നു. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 9 മുതൽ രാത്രി 9 വരെയും വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയുമാണ് ഇവൻ്റ് തുറന്നിരിക്കുന്നത്.

മൊത്തം 55 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും നിരവധി കമ്പനികളും പങ്കെടുക്കുന്ന ഇവന്റിൽ കുട്ടികൾക്കായി വിവിധ ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്നു.

ആഭ്യന്തര മന്ത്രാലയമാണ് ഇവെന്റിന്റെ ഗോൾഡ് സ്പോൺസറായി പങ്കെടുക്കുന്നത്. സമൂഹവുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും സുരക്ഷാ അവബോധം പ്രചരിപ്പിക്കുന്നതിനുമാണ് മന്ത്രാലയത്തിൻ്റെ ഇടപെടൽ ലക്ഷ്യമിടുന്നതെന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള മേജർ ഷഹീൻ റാഷിദ് അൽ അതീഖ് വിശദീകരിച്ചു.

എക്‌സ്‌പോയിലെ മന്ത്രാലയത്തിൻ്റെ സാന്നിധ്യം ഒരു പ്രധാന കൂട്ടിച്ചേർക്കലാണെന്നും പങ്കെടുക്കുന്നവർക്കിടയിൽ സുരക്ഷയും അവബോധവും പ്രോത്സാഹിപ്പിക്കുന്നതിന് അതു സഹായിക്കുമെന്നും മേജർ അൽ അതീഖ് കൂട്ടിച്ചേർത്തു.

Exit mobile version