സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം രൂക്ഷമായതോടെ, വിദേശത്ത് നിന്നെത്തുന്ന എല്ലാവർക്കും 7 ദിവസ ഹോം ക്വാറന്റീൻ നിർബന്ധമാക്കിയതായി ആരോഗ്യ മന്ത്രി വീണ ജോർജ്ജ് അറിയിച്ചു. തുടർന്ന് എട്ടാം ദിവസം ആർട്ടിപിസിആർ പരിശോധന നടത്തണം. കേന്ദ്രനിർദേശ പ്രകാരമാണ് നടപടി.
ഗൾഫ് ഉൾപ്പെടുന്ന ലോ റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്നവരിൽ റാൻഡം ആയി തിരഞ്ഞെടുക്കുന്ന 20% പേരെ എയർപോർട്ടിൽ വച്ച് പിസിആർ പരിശോധന നടത്തും. നെഗറ്റീവ് ആയാലും 7 ദിവസം ഹോം ക്വാറന്റീനിൽ കഴിയണം. എട്ടാം ദിവസത്തെ ആർട്ടിപിസിആറിൽ നെഗറ്റീവ് ആയാലും 7 ദിവസം കൂടി സ്വയം നിരീക്ഷണം ബാധകമാണ്.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന എല്ലാവരെയും ആർട്ടിപിസിആറിനും തുടർ നടപടികൾക്കും വിധേയമാക്കും.
കേരളത്തിൽ ഇത് വരെ 280 പേർക്കാണ് ഒമിക്രോണ് സ്ഥിരീകരിച്ചത്. ഇതിൽ 168 പേർ ലോ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരും 64 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വന്നവരുമാണ്.