ഖത്തറിലെ അൽ ഉദൈദ് എയർബേസിൽ, അഭയാർത്ഥികളാൽ നിറഞ്ഞത് കാരണം അഫ്‌ഗാനിസ്താനിൽ നിർത്തിവച്ച, അമേരിക്ക നേതൃത്വം നൽകുന്ന രക്ഷാദൗത്യം പുനരാരംഭിച്ചതായി പെന്റഗൺ അറിയിച്ചു. ഓഗസ്റ്റ് 17 മുതൽ ഫ്‌ളൈറ്റുകളിലെത്തിയ അഫ്‌ഗാൻ അഭയാർത്ഥികളുടെ ബാഹുല്യം ദോഹയിലെ യുഎസ് എയർബേസായ അൽ ഉദൈദിൽ കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മറ്റു ബേസുകളിലേക്ക് മാറ്റുന്നതിന് മുൻപ് ഇവർക്ക് താത്കാലിക വാസസ്ഥലം ഒരുക്കിയ ഇവിടം സ്ഥലപരിമിതി കൊണ്ട് ജനങ്ങൾ തിങ്ങിനിറയുന്നതിന് കാരണമായി. ഇതിനെത്തുടർന്ന് കാബൂളിൽ നിന്നുള്ള രക്ഷാദൗത്യം ഇന്നലെയോടെ നിർത്തി വെക്കുകയായിരുന്നു.
ഖത്തറിലെ സൈറ്റുകളുടെ ശേഷിപരിധി കടന്നതായും കൂടുതൽ പേർക്ക് വരാൻ റൂമുകളുടെ അഭാവമുണ്ടായിരുന്നതായും പെന്റഗൺ വക്താവ് ജോൺ കിർബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാബൂളിൽ നിന്നുള്ള ഫ്ലൈറ്റ് കാലതാമസം ഏകദേശം ആറ് മുതൽ ഏഴ് മണിക്കൂർ വരെയാണ് നീണ്ടുനിന്നത്. ഖത്തറിലെ ഇന്റർമീഡിയറ്റ് സ്റ്റേജിംഗ് ബേസുകളിലെ ഫ്ലൈറ്റുകൾക്ക് കൂടുതൽ പേരെ ഉൾക്കൊള്ളാനുള്ള സൗകര്യം ഉറപ്പാക്കാൻ ഈ സമയം ഉപയോഗിച്ചതായി മേജർ ജനറൽ ഹങ്ക് ടെയ്‌ലർ വ്യക്തമാക്കി. നിലവിൽ കാബൂളിൽ നിന്ന് അഭയാർത്ഥികൾക്ക് പുറപ്പെടാവുന്ന സാഹചര്യം സജ്ജമായതായും അദ്ദേഹം അറിയിച്ചു.
അതേസമയം, യുഎസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലുതും ബുദ്ധിമുട്ടേറിയതുമായ എയർലിഫ്റ്റാണ് കാബൂളിൽ നടക്കുന്നതെന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള ടെലിവിഷൻ പ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി. അന്തിമഫലം ഉറപ്പിക്കാൻ ആയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം ദൗത്യം അപകടകരമാണെന്നും കൂട്ടിച്ചേർത്തു. അഫ്‌ഗാനിലെ സഹായസഹകരണങ്ങൾക്ക് ഖത്തർ അമീർ ഷെയ്ഖ് തമീമിന് ബൈഡൻ നന്ദി രേഖപ്പെടുത്തി.