രാജ്യത്തെ റിയൽ എസ്റ്റേറ്റ് മേഖല മെച്ചപ്പെടുത്തുന്നതിനായി നീതിന്യായ മന്ത്രാലയം 610 റിയൽ എസ്റ്റേറ്റ് ബ്രോക്കർമാർക്ക് ലൈസൻസ് നൽകി. ഇത് ലൈസൻസില്ലാത്ത ബ്രോക്കർമാരുടെയും ഊഹക്കച്ചവടക്കാരുടെയും എണ്ണം കുറയ്ക്കാൻ സഹായിക്കുകയും വിപണിയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റിൽ എല്ലാ ലൈസൻസുള്ള ബ്രോക്കർമാരെയും, അവരുടെ കോൺടാക്റ്റ് വിശദാംശങ്ങളും ലൈസൻസ് നമ്പറുകളും ഉൾപ്പെടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വാങ്ങുന്നവർക്കും വിൽക്കുന്നവർക്കും അവരെ കണ്ടെത്തുക എളുപ്പമാക്കുന്നു.
ദോഹ മുനിസിപ്പാലിറ്റിയിൽ 340 ബ്രോക്കർമാർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. 163 ബ്രോക്കർമാരുമായി അൽ റയാൻ മുനിസിപ്പാലിറ്റി രണ്ടാം സ്ഥാനത്തുണ്ട്. ഉമ്മുസലാൽ മുനിസിപ്പാലിറ്റിയിൽ 47, അൽ ദായെൻ മുനിസിപ്പാലിറ്റിയിൽ 32, അൽ വക്ര മുനിസിപ്പാലിറ്റിക്കു 16, അൽ ഖോർ, അൽ സഖിറ എന്നിവിടങ്ങളിൽ 6, അൽ ഷമാൽ മുനിസിപ്പാലിറ്റിയിൽ 5, അൽ ഷിഹാനിയയിൽ 1 എന്നിങ്ങനെയാണ് ലൈസൻസ് നൽകിയിരിക്കുന്നത്.
ബ്രോക്കർമാർക്ക് ഖത്തറിൽ ജോലി ചെയ്യാൻ ലൈസൻസ് വേണമെന്ന് റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് കൺട്രോൾ ആൻഡ് ഓഡിറ്റിംഗ് വിഭാഗം മേധാവി ഇബ്രാഹിം സാലിഹ് അൽ ഖാദി വിശദീകരിച്ചു. താൽപ്പര്യമുള്ള വ്യക്തികൾ ആവശ്യമായ എല്ലാ രേഖകളും നൽകി മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി അപേക്ഷിക്കണം.
അപേക്ഷകൾ വകുപ്പ് അവലോകനം ചെയ്യുകയും പിന്നീട് അവരുടെ ജോലിയുമായി ബന്ധപ്പെട്ട നിയമങ്ങളെക്കുറിച്ചുള്ള പരിശീലനത്തിനായി ലീഗൽ ആൻഡ് ജുഡീഷ്യൽ സ്റ്റഡീസ് സെൻ്ററിലേക്ക് അയയ്ക്കുകയും ചെയ്യുന്നു. കോഴ്‌സ് പൂർത്തിയാക്കി റിയൽ എസ്റ്റേറ്റ് ബ്രോക്കേഴ്‌സ് കമ്മിറ്റിക്ക് മുന്നിൽ സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ബ്രോക്കർമാർക്ക് അവരുടെ ഫീസ് അടച്ച് ജോലി ആരംഭിക്കാം.