അഫ്‌ഗാനിലെ സഹായത്തിന് അമീറിന് നന്ദി അറിയിച്ച് ജോ ബൈഡൻ

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ വെള്ളിയാഴ്ച്ച വൈകിട്ട് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയുമായി ഫോണിൽ ബന്ധപ്പെട്ടു. അഫ്‌ഗാനിസ്താനിൽ നിന്ന് യുഎസ്സിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരവേ, ഖത്തർ നൽകിയ തികഞ്ഞ പിന്തുണയ്ക്ക് അമീറിന് നന്ദി അറിയിച്ചതായി വൈറ്റ് ഹൗസ് പ്രസ്താവനയിൽ അറിയിച്ചു. ഖത്തർ അമീർ ഷെയ്ഖ് തമീമിന്റെ തുടക്കം മുതലുള്ള സഹായപിന്തുണ ഇല്ലായിരുന്നെങ്കിൽ എയർലിഫ്റ്റ് രക്ഷാപ്രവർത്തനം സാധ്യമാകില്ലായിരുന്നെന്ന് ജോ ബൈഡൻ പറഞ്ഞു.

അഫ്‌ഗാനിൽ ജനങ്ങളെ സംരക്ഷിക്കേണ്ട ആവശ്യകതയും സമാധാനപരമായ അധികാരക്കൈമാറ്റവും ഇരുവരും ആവർത്തിച്ചു വ്യക്തമാക്കിയതായി ദോഹയിലെ അമീരി ദിവാൻ-ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ടു രമ്യമായ രാഷ്ട്രീയ യോജിപ്പിലെത്തി സംഘർഷങ്ങൾ അവസാനിപ്പിക്കാനും ഇരുവരും ആവശ്യപ്പെട്ടു. അഫ്‌ഗാനിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്നതിൽ ഖത്തർ നൽകിയ സഹായസഹകരണങ്ങളെയും മേഖലയിൽ സമാധാന സ്ഥാപനത്തിനായി രാജ്യം നടത്തുന്ന ശ്രമങ്ങൾക്കും ജോ ബൈഡൻ നന്ദി രേഖപ്പെടുത്തിയതായും അമീരി ദിവാൻ അറിയിച്ചു.

അതേസമയം, ഖത്തറിലെ അൽ ഉദൈദ് എയർബേസിലെ അഭയാർത്ഥിത്തിരക്ക് കാരണം താത്കാലികമായി നിർത്തിവച്ച അഫ്‌ഗാനിൽ നിന്നുള്ള ഇവാക്വേഷൻ, പുനരാരംഭിച്ചതായി പെന്റഗൺ അറിയിച്ചിട്ടുണ്ട്. യുഎസ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എയർലിഫ്റ്റുകളിൽ ഒന്നാണ് അഫ്‌ഗാനിൽ നടക്കുന്നതെന്ന് വൈറ്റ് ഹൗസിൽ നിന്നുള്ള ടെലിവിഷൻ പ്രസ്താവനയിൽ ബൈഡൻ വ്യക്തമാക്കി.

Exit mobile version