ന്യൂഡൽഹി: ലോകരാജ്യങ്ങളിലെ ഒമൈക്രോണ് വ്യാപനത്തെത്തുടർന്നു അന്താരാഷ്ട്ര യാത്രാ മാനദണ്ഡങ്ങൾ പുതുക്കി ഇന്ത്യ. പുതുക്കിയ നയം ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ വരും. രോഗബാധ സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർക്ക് മാത്രമാണ് ക്വാറന്റീൻ നിർബന്ധമായുള്ളത്. ഇത് പ്രകാരം, ബ്രിട്ടന്‍, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്, ബോട്സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്റ്, സിംഗപ്പൂര്‍, സിംബാബ്വേ, ഹോങ്കോങ്, ഇസ്രയേല്‍ എന്നീ 12 രാജ്യങ്ങളാണ് നിലവിൽ പട്ടികയിൽ ഉള്ളത്.
ഗൾഫ് ഉൾപ്പെടെ ഒമൈക്രോണ് ഭീഷണി ഇല്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിർബന്ധിത ക്വാറന്റീൻ ഇല്ല. എന്നാൽ, ഇവരുൾപ്പടെ എയര്‍ സുവിധ പോര്‍ട്ടലില്‍ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരം നല്‍കണം. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ് ഫലവും അപ്ലോഡ് ചെയ്യണം. നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് സ്വയം സാക്ഷൃപ്പെടുത്തണം. വിവരങ്ങളില്‍ തെറ്റുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകും.
രാജ്യത്തെത്തിയ ശേഷം നിർബന്ധിത പരിശോധന ആവശ്യമില്ലെങ്കിലും 5% പേരെ വിമാനത്താവളത്തിൽ റാൻഡം പരിശോധനയ്ക്ക് വിധേയമാക്കും. ഏവരും 14 ദിവസം സ്വയം നിരീക്ഷണത്തിന് വിധേയമാകണം.
ഒമൈക്രോണ് ഭീഷണി പട്ടികയിൽ ഉള്ള 12 രാജ്യങ്ങളിൽ നിന്നുള്ളവർ വിമാനത്താവളത്തിൽ നിർബന്ധിത ആർട്ടിപിസിആർ ടെസ്റ്റിന് സ്വന്തം ചെലവിൽ വിധേയമാകണം. ഫലം നെഗറ്റീവ് ആണെങ്കിലും 7 ദിവസം നിർബന്ധിത ക്വാറന്റീനിൽ പോകണം. എട്ടാം ദിവസം വീണ്ടും ആർട്ടിപിസിആർ ചെയ്‌ത ശേഷം 7 ദിവസം കൂടി സ്വയം നിരീക്ഷണത്തിൽ കഴിയണം.