പൊരുതിക്കളിച്ച് ഇന്ത്യ. ഖത്തറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയം. ഗാലറിയിലും ഇന്ത്യൻ ആരവം.

ദോഹ: ലോകകപ്പ്, ഏഷ്യാകപ്പ് യോഗ്യതാ റൗണ്ട് മല്‍സരത്തില്‍ ശക്തരായ ഖത്തറിനെതിരെ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ ഏകപക്ഷീയമായ ഒരു ഗോളിന് (1-0) പരാജയപ്പെട്ടു. 33ാം മിനിറ്റില്‍ അബ്ദുല്‍ അസീസ് ഹാതിമാണ് ഖത്തറിന് വേണ്ടി ഗോള്‍ നേടിയത്. 

17ാം മിനിറ്റില്‍ തന്നെ രാഹുല്‍ ബെകെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതിനാല്‍ ഇന്ത്യയുടെ ആസൂത്രണങ്ങൾ പാളിയിരുന്നു. തുടർന്ന് 10 പേരുമായി ഏഷ്യയിലെ തന്നെ കരുത്തരായ ഖത്തറിനെ നേരിടുകയായിരുന്നു ഇന്ത്യൻ ടീം. 

കളിയിലുടനീളം ഖത്തർ ആധിപത്യം നില നിര്‍ത്തിയെങ്കിലും ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രിതീ സിങ് സന്ദുവിന്റെ തുടർച്ചയായ പ്രതിരോധം രണ്ടാമതൊരു ഗോൾ വഴങ്ങുന്നതിൽ നിന്ന് ഇന്ത്യയെ രക്ഷിച്ചു. ഗോളിനായുള്ള രണ്ട് മികച്ച നീക്കങ്ങളും ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായി.

ജാസിം ബിന്‍ ഹമദ് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തിൽ 30 ശതമാനം കാണികൾ മാത്രമാണ് അനുവദിക്കപ്പെട്ടതെങ്കിലും മലയാളികള്‍ ഉള്‍പ്പെടെ ഇന്ത്യക്കാരായ നിരവധി ആരാധകരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഗാലറിയിൽ ഇന്ത്യന്‍ ടീമിന് ആരവവുമായി വലിയ പിന്തുണ ആരാധക ഭാഗത്ത് നിന്നുണ്ടായി.

ഗ്രൂപ്പ് ‘ഇ’ യിൽ നാലാം സ്ഥാനത്ത് തന്നെ തുടരുന്ന ഇന്ത്യ 5 പോയിന്റുമായി മൂന്നാം സ്ഥാനത്തുള്ള അഫ്ഗാനുമായി 2 പോയിന്റ് പിന്നിലാണ്. ജൂണ് 7 ന് ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Exit mobile version