ദോഹ: ഖത്തർ കോവിഡിൽ നിന്ന് മുക്തി നേടി സമസ്ത മേഖലകളിലും സാധാരണ ജീവിതത്തിലേക്ക് അടുക്കവേ കോവിഡിനെതിരെ ഏറ്റവും മുന്നണിപ്പോരാട്ട രംഗത്തുണ്ടായിരുന്ന ആശുപത്രികളും വിഭിന്നമാകുന്നില്ല. കോവിഡ് പോരാട്ടത്തിനായൊരുക്കിയ ഏഴ് സ്‌പെഷ്യൽ ആശുപത്രികേന്ദ്രങ്ങളിൽ ഓരോന്നായി അവസാന രോഗിയും ഡിസ്ചാർജ്ജ് ആയി സാധാരണ നിലയിലേക്ക് കടക്കുകയാണ്. ഹസം മൊബൈറിക്ക് സ്‌പെഷ്യൽ കേന്ദ്രമാണ് പുതുതായി കോവിഡ് മുക്തമായത്. ഇതിനെത്തുടർന്ന് ആരോഗ്യമന്ത്രി ഹനാൻ മുഹമ്മദ് അൽ കുവൈരി ഇന്ന് ഹോസ്പിറ്റൽ കേന്ദ്രം സന്ദർശിച്ചു ഡോക്ടർമാരുമായും ജീവനക്കാരുമായും രോഗികളുമായും കൂടിക്കാഴ്ച നടത്തി.
കമ്യൂണികബിൾ ഡിസീസ് സെന്ററിനൊപ്പം ഹസം മൊബൈറിക്കും ഖത്തറിലെ ഏറ്റവും ആദ്യത്തെ കോവിഡ് പ്രത്യേക കേന്ദ്രമായിരുന്നെന്നും കഴിഞ്ഞ 15 മാസത്തിനുള്ളിൽ 10344 രോഗികളെ ഇവിടെ പരിചരിച്ചതായും ഹസം മൊബൈറിക്ക് അടക്കമുള്ള ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ കോവിഡ് പ്രതിരോധ നെറ്റ്വർക്കിലെ സമർത്ഥമായ പ്രവർത്തനങ്ങളാണ് ഖത്തറിനെ ലോകത്തെ കോവിഡ് മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി മാറ്റിയതെന്നും ആരോഗ്യമന്ത്രി ചടങ്ങിൽ സംസാരിച്ചു.
2020 മാർച്ച് മുതൽ കോവിഡ് അടിയന്തര ഘട്ടത്തെ നേരിടാൻ 102 അക്യൂട് കെയർ ബെഡുകൾ 557 ആയും 16 ഐസിയു ബെഡുകൾ 230 ആയും ഉയർത്തികൊണ്ട് ഹോസ്പിറ്റൽ ജീവനക്കാർ കഠിന പ്രയത്നം നിർവഹിച്ചതായി എച്ച്എംസി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
ഹോസ്പിറ്റലിന്റെ സാധാരണ ശേഷിയെക്കാൾ 6 മടങ്ങോളം കിടക്കകളും മറ്റും സജ്ജീകരിക്കേണ്ടി വന്നതായും ഇത് നേരത്തെ തിരിച്ചറിഞ്ഞ് ഏതാനും ഫീൽഡ് ഹോസ്പിറ്റലുകൾ നിർമിക്കുകയായിരുന്നെന്നും ഈ ഹോസ്പിറ്റലുകൾ ഭാവിയിലും അടിയന്തര ഘട്ടങ്ങൾ നേരിടാനായി നിലനിർത്തുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ഇഷാഖ് പറഞ്ഞു.
ഏറ്റവും അപകടകരമായ രോഗാവസ്ഥയിലുള്ളവർ ഉൾപ്പെടെ ആയിരക്കണക്കിന് കോവിഡ് രോഗികളെ ഹസം മൊബൈറിക്കിലാണ് ചികിൽസക്കെത്തിച്ചത്. 2400-ഓളം സ്റ്റാഫുകളാണ് ഹോസ്‌പിറ്റലിൽ ഇക്കാലയളവിൽ സേവനമനുഷ്ഠിച്ചതെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. ഹോസ്പിറ്റൽ സാധാരണ സേവനം പുനരാരംഭിച്ചതോടെ ഇൻഡസ്ട്രിയൽ ഏരിയയിലും സമീപപ്രദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ഏറ്റവും പ്രാപ്യമായ ആശുപത്രിസേവനം വീണ്ടും സജീവമാകുകയാണ്.