2022 ഫിഫ ലോകകപ്പ് ഖത്തറിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ഹയ്യ കാർഡ് കൈവശം വയ്ക്കുകയും ചെയ്യുന്ന അന്താരാഷ്ട്ര ആരാധകർക്ക് രാജ്യത്തേക്കുള്ള അവരുടെ എൻട്രി പെർമിറ്റ് ഇമെയിൽ വഴി ലഭിക്കും. നവംബർ ആദ്യം മുതൽ എല്ലാ ഹയ്യ കാർഡ് ഉടമകൾക്കും രാജ്യത്തേക്ക് പ്രവേശിക്കാനാവും.
“നവംബർ ആദ്യം മുതൽ, ഹയ്യ കാർഡുകൾ കൈവശമുള്ള എല്ലാവർക്കും ഖത്തർ സന്ദർശിക്കാൻ ഖത്തർ വാതിലുകൾ തുറക്കും, പ്രവേശന പെർമിറ്റ് പിഡിഎഫ് ഫോർമാറ്റിൽ ഇ-മെയിലിലേക്ക് അയക്കും,” സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി & ലെഗസിയിലെ ഹയ്യ പ്ലാറ്റ്‌ഫോമിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സയീദ് അൽ-കുവാരി അൽ-കാസ് ടിവിയിലെ “മജ്‌ലിസ്” പ്രോഗ്രാമിൽ വെളിപ്പെടുത്തി.
അലി ബിൻ ഹമദ് അൽ അത്തിയ അരീനയിലും (ABHA അരീന) ദോഹ എക്സിബിഷൻ & കൺവെൻഷൻ സെന്ററിലും (DECC) ഹയ്യ കാർഡിനായി രണ്ട് കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. DECC ഹയ്യ കാർഡ് സെന്റർ 80 സ്റ്റാളുകളുള്ള ഒരു വലിയ കേന്ദ്രമായിരിക്കും, ഹയ്യ കാർഡുമായി ബന്ധപ്പെട്ട ഏത് ചോദ്യത്തിനും ആവശ്യത്തിനും ഇവിടെ സേവനം ലഭ്യമാണ്.
ഹയ്യ കാർഡിന്റെ ഡിജിറ്റൽ പതിപ്പ് മതിയെന്നും ബുക്ക് ചെയ്ത മത്സരങ്ങളുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇത് വഴി ലഭ്യമാണെന്നും അൽ-കുവാരി സ്ഥിരീകരിച്ചു.