നവംബർ 30 ന് തുടങ്ങാനിരിക്കുന്ന ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വിൽപ്പനയുടെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കുന്നു. ഫിഫയുടെ വെബ്‌സൈറ്റിലൂടെ (fifa.com/tickets) ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മുതൽ ടിക്കറ്റുകൾ ഓണ്ലൈനായി വാങ്ങാൻ സാധിക്കും. ആദ്യം ബുക്ക് ചെയ്യുന്നയാൾക്ക് ആദ്യം എന്ന നിലയിൽ ടിക്കറ്റ് വിൽപ്പനയിൽ തത്സമയം മുൻഗണന ലഭിക്കും. ഒക്ടോബർ 28 വരെ ഈ ഘട്ടം നീണ്ടുനിൽക്കും. ഓഗസ്റ്റ് 3 മുതൽ 17 വരെ നീണ്ടുനിന്ന ആദ്യഘട്ടത്തിൽ വീസ കാർഡുള്ളവർക്ക് മാത്രമായിരുന്നു മുൻഗണന.
ഗ്രൂപ്പ് മത്സരങ്ങൾക്ക് 25 ഖത്തർ റിയാൽ ഉള്ള കാറ്റഗറി 4 ടിക്കറ്റ് മുതൽ ഫൈനലിന് 245 റിയാൽ വില വരുന്ന കാറ്റഗറി 1 ടിക്കറ്റ് വരെ നീളുന്നതാണ് ടിക്കറ്റ് വിലകൾ.
ടിക്കറ്റ് ലഭിച്ചവർ നിർബന്ധമായും ഫാൻ ഐഡിക്ക് അപേക്ഷിക്കുകയും ചെയ്യണം. ഫാൻ ഐഡി ഉള്ളവർക്ക് മാത്രമേ സ്റ്റേഡിയം പ്രവേശനം സാധ്യമാകൂ. FAC21.qa എന്ന വെബ്‌സൈറ്റിലൂടെ ഫാൻ ഐഡിക്ക് അപേക്ഷിക്കാം. മത്സരദിവസങ്ങളിൽ സൗജന്യ പൊതുഗതാഗതം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ ഫാൻ ഐഡി ഉടമസ്ഥർക്ക് ലഭിക്കും.
അറബ് കപ്പിലെ കാണികളുടെ പങ്കാളിത്തം കൂടുതൽ സൗകര്യപ്രദമാക്കാൻ ടൂർണമെന്റിന്റെ മുന്നോടിയായി മൊബൈൽ ആപ്ലിക്കേഷനും ലോഞ്ച് ചെയ്യുന്നുണ്ട്.
അറബ് ലോകത്തെ 16 വൻ ടീമുകൾ മാറ്റുരക്കുന്ന ഫിഫ അറബ് കപ്പ് ലോകകപ്പിനായുള്ള പ്രധാന മുന്നൊരുക്കമായാണ് കണക്കാക്കുന്നത്. അൽ ബയാത്, റാസ് അൽ അബൗദ് എന്നീ ലോകകപ്പ് സ്റ്റേഡിയങ്ങളുടെ ഉദ്‌ഘാടനവും അറബ് കപ്പിൽ അരങ്ങേറും.