ദുബായ് എക്‌സ്‌പോ 2020 ൽ ഖത്തർ പങ്കെടുക്കുന്നു

ഒക്ടോബർ 1 മുതൽ മാർച്ച് 31 വരെ ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശന മേളയായ ‘എക്‌സ്‌പോ 2020 ദുബായ്’ ൽ ഖത്തർ പങ്കെടുക്കും. “മനസ്സുകൾ ബന്ധിപ്പിക്കുക, ഭാവിയെ സൃഷ്ടിക്കുക” എന്നാണ് എക്‌സ്‌പോ 2020 ന്റെ മുദ്രാവാക്യം.

“ഖത്തർ: ഭാവി ഇപ്പോഴാണ്” എന്ന തീമിലാണ് എക്‌സ്‌പോയിലെ ഖത്തറിന്റെ പവലിയൻ സംഘടിപ്പിക്കുക. കോവിഡ് 19 നേരിട്ടതിൽ രാജ്യം കൈവരിച്ച ഉജ്ജ്വല വിജയം തീമിന്റെ പ്രധാന ആശയങ്ങളിലൊന്നാകും.

സയൻസ്, ടെക്‌നോളജി, സുസ്ഥിര വികസനം മുതലായവയിൽ ഖത്തർ ചെലുത്തുന്ന പരിശ്രമങ്ങളും രാജ്യം പവലിയനിൽ ഉയർത്തിക്കാട്ടും. ഖത്തർ നാഷണൽ വിഷൻ 2030 പദ്ധതിയുടെ എല്ലാ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രമേയത്തിന്റെ ഭാഗമാകും.

2018-22 നാഷണൽ ഡവലപ്മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഖത്തർ ആവിഷ്‌കരിച്ച വിവിധങ്ങളായ നിക്ഷേപ പദ്ധതികൾ, സാമ്പത്തിക വൈവിധ്യവത്കരണങ്ങൾ തുടങ്ങിയവയ്ക്ക് പുറമെ രാജ്യം വരവേൽക്കാൻ ഒരുങ്ങുന്ന 2022 ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളും എക്‌സ്‌പോയിൽ ഖത്തറിന്റെ തിളക്കം വർധിപ്പിക്കും.

സുസ്ഥിരതയിലും പരിസ്‌ഥിതി സൗഹൃദത്തിലും ഊന്നി ലോകത്തെ ഏറ്റവും സുരക്ഷിതവും വലുതുമായ ടൂറിസത്തിന്റെയും ബിസിനസിന്റെയും ഹബ്ബാണ് തങ്ങളെന്ന് തെളിയിക്കുകയാണ് എക്‌സ്‌പോയിലൂടെ ഖത്തർ ലക്ഷ്യമിടുന്നത്.

ലോകത്തിലെ എല്ലാ രാജ്യങ്ങളും കല, ശാസ്ത്രം, വാണിജ്യം എന്നീ മേഖലകളിലെ തങ്ങളുടെ നേട്ടങ്ങൾ പ്രദർശിപ്പിക്കുന്ന അഞ്ച് വര്ഷത്തിലൊരിക്കലെത്തുന്ന, 6 മാസം നീണ്ടുനിൽക്കുന്ന ആഗോള വേദിയാണ് ‘വേൾഡ് എക്‌സ്‌പോ’. 2020 ൽ ദുബായ് ആതിഥ്യമരുളേണ്ടിയിരുന്ന ലോകമേള കോവിഡ് കാരണമാണ് നീണ്ടു പോയത്.

Exit mobile version