ലോകത്തിലെ ഏറ്റവും ഉയരമുള്ള വാട്ടർ സ്ലൈഡ് ടവർ, രണ്ടു ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കി ദോഹയിലുള്ള ‘റിഗ് 1938’

ഖത്തറിലെ ഖത്തൈഫാൻ ദ്വീപിലുള്ള ‘റിഗ് 1938’ ടവർ രണ്ട് ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കി. 76.309 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ വാട്ടർ സ്ലൈഡ് ടവറെന്ന നേട്ടവും 12 വാട്ടർ സ്ലൈഡുകളുള്ള ആദ്യത്തെ ടവർ എന്ന നേട്ടവുമാണ് ‘റിഗ് 1938’ സ്വന്തമാക്കിയത്.

ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ ഖത്തറിൻ്റെ പ്രശസ്‌തി വർധിപ്പിച്ചുകൊണ്ട് ടവർ രാജ്യം സന്ദർശിക്കുന്നവർക്ക് മികച്ച അനുഭവം പ്രദാനം ചെയ്യുന്നുവെന്ന് ഖത്തൈഫാൻ പ്രോജക്ട് കമ്പനിയുടെ ജനറൽ മാനേജരും ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ അബ്ദുൽറഹ്മാൻ അൽതാനി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ടവർ കേവലം വിനോദത്തിന് വേണ്ടിയുള്ളതല്ലെന്നും, അത് ഖത്തരി സംസ്‌കാരത്തെ പ്രതിനിധീകരിക്കുകയും സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതായും അദ്ദേഹം സൂചിപ്പിച്ചു.

85 മീറ്റർ ഉയരവും 12 വാട്ടർ സ്ലൈഡുകളുമുള്ള ടവർ ഖത്തറിൻ്റെ എണ്ണ-വാതക കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട ചരിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ആകർഷകമായ രൂപകൽപ്പനയാണ്. ഇത് ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്, എല്ലാ പ്രായത്തിലുമുള്ള സന്ദർശകർക്കും അനുയോജ്യവുമാണ്.

281,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വലിയ വാട്ടർ പാർക്കായ മെറിയൽ സിറ്റിയുടെ മധ്യഭാഗത്താണ് ഇത് സ്ഥിതിചെയ്യുന്നത്, ഇത് മേഖലയിലെ ഏറ്റവും വലിയ പാർക്കുകളിൽ ഒന്നാണ്. മെറിയൽ സിറ്റിക്ക് സവിശേഷമായ 36 വാട്ടർ അട്ട്രാക്ഷൻസുണ്ട്

1.3 ദശലക്ഷം ചതുരശ്ര മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന വിനോദസഞ്ചാര പദ്ധതിയായ ഖത്തൈഫാൻ ദ്വീപ് നോർത്തിൻ്റെ ഭാഗമാണ് മെരിയാൽ. ഈ പ്രദേശത്ത് വീടുകൾ, സ്‌കൂളുകൾ, ആരോഗ്യ സൗകര്യങ്ങൾ എന്നിവയും മറ്റും ഉൾപ്പെടുന്നു.

Exit mobile version