2.3 ദശലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ദോഹ ഫോട്ടോഗ്രാഫി അവാർഡ് ലോഞ്ച് ചെയ്‌തു

ദോഹ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിൻ്റെ ആദ്യ എഡിഷനിലെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്ന ദോഹ ഫോട്ടോഗ്രാഫി അവാർഡ് അവതരിപ്പിക്കുന്നതായി ചൊവ്വാഴ്ച്ച സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. സമൂഹത്തിൽ കലാപരവും സാംസ്‌കാരികവുമായ മുന്നേറ്റം തുടരുന്നതിലും മികച്ച ആശയവിനിമയം സൃഷ്ടിക്കുന്നതിലും സാംസ്‌കാരിക മന്ത്രാലയത്തിൻ്റെ കാഴ്ച്ചപ്പാട് വ്യക്തമാക്കുന്നതിനാണ് അവാർഡ് ലോഞ്ച് ചെയ്‌തിരിക്കുന്നത്‌.

വിലയേറിയ ക്യാഷ് പ്രൈസുകൾ അനുവദിച്ചിട്ടുള്ള മത്സരത്തിലൂടെ പ്രതിഭകൾക്കു പിന്തുണ നൽകുക എന്നതിലപ്പുറം, പ്രത്യക കാറ്റഗറിയിലൂടെ രാജ്യത്തെ ടൂറിസം പ്രസ്ഥാനത്തിന് നേരിട്ട് സംഭാവന നൽകാനും, രാജ്യത്തിന്റെ സൗന്ദര്യം ഉയർത്തിക്കാട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഇത് ലക്ഷ്യമിടുന്നു. ഖത്തറും അതിൻ്റെ ടൂറിസം ഘടകങ്ങളും പ്രശസ്തമായ ലാൻഡ്‌മാർക്കുകളും കലാപരവും ആകർഷകവുമായ രീതിയിൽ അവതരിപ്പിക്കുന്നതിലൂടെ പ്രാദേശികവും അന്തർദ്ദേശീയവുമായ തലങ്ങളിൽ രാജ്യത്തെ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിലേക്ക് കൂടി സംഭാവന ചെയ്യുന്നു.

ഈ പുരസ്‌കാരത്തിൽ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഖത്തർ ഫോട്ടോഗ്രാഫി സെൻ്റർ താൽപ്പര്യപ്പെടുകയും ഫോട്ടോഗ്രാഫി മേഖലയിൽ താൽപ്പര്യമുള്ളവർ, യുവ പ്രതിഭകൾ, പുതുമുഖങ്ങൾ, പ്രൊഫഷണലുകൾ എന്നിവരോട് അവാർഡിൽ പങ്കെടുക്കാനുള്ള അവസരം പ്രയോജനപ്പെടുത്താൻ ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.

ദോഹ ഫോട്ടോഗ്രാഫി അവാർഡിൽ നിരവധി കാറ്റഗറികളും ആക്‌സിസുകളും ഉൾപ്പെടുന്നു. രണ്ട് വിഭാഗങ്ങളാണ് ഇതിൽ പ്രധാനമായുള്ളത്:

– ആദ്യ വിഭാഗം: 18 വയസ്സിന് താഴെയുള്ള പ്രായക്കാരുടെത്, ഇത് ജനറൽ വിഭാഗത്തിൽ ഖത്തറിലുള്ളവർക്കു മാത്രമാണ്. ഒരു പ്രത്യേക ആക്‌സിസ് ഇല്ലാതെ എല്ലാ ഫോട്ടോകളും ഇതിൽ പരിഗണിക്കപ്പെടും. ഇതിൽ ഒന്നാം സ്ഥാനം നേടുന്നയാൾക്ക് 30,000 റിയാലും രണ്ടാം സ്ഥാനക്കാർക്ക് 20,000 റിയാലും മൂന്നാം സ്ഥാനക്കാർക്ക് 10,000 റിയാലുമാണ് സമ്മാനമായി ലഭിക്കുക.

– രണ്ടാമത്തെ വിഭാഗം: 18 വയസിനു മുകളിലുള്ള മുതിർന്നവരുടെ വിഭാഗം. ഇതിൽ അഞ്ച് ആക്‌സിസുകൾ ഉൾപ്പെടുന്നു:

1- ഖത്തർ ആക്‌സിസ്: എല്ലാ ഫോട്ടോഗ്രാഫർമാർക്കും ഖത്തറിന്റെ സൗന്ദര്യം കലാപരവും ആകർഷകവുമായ രീതിയിൽ എടുത്തു കാണിക്കാൻ ഇത് അനുവദിക്കുന്നു. ഇതിൽ ഒന്നാം സ്ഥാനം QR 300,000, രണ്ടാം സ്ഥാനം QR 200,000, മൂന്നാം സ്ഥാനം QR 150,000 എന്നിങ്ങനെയാണ്.

2- സ്റ്റോറി ആക്‌സിസ്: ഒരു പൂർണ്ണമായ കഥ പറയുന്ന 6 മുതൽ 10 വരെ ഫോട്ടോകൾ ഇതിലൂടെ സമർപ്പിക്കാം. ഇതിൽ ഒന്നാം സ്ഥാനം QR 150,000, രണ്ടാം സ്ഥാനം QR 100,000, മൂന്നാം സ്ഥാനം QR 75,000 എന്നിങ്ങനെയാണ്.

3- സ്‌പെഷ്യൽ ആക്‌സിസ്: ഖത്തർ ഫോട്ടോഗ്രാഫി സെൻ്ററുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന മത്സര കമ്മിറ്റിയാണ് ഇത് നിർണയിക്കുക. എല്ലാ വർഷവും അത് മാറ്റുകയും ചെയ്യും. കൂടാതെ ഫോട്ടോഗ്രാഫർമാരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനായി സീസണിലുടനീളം കോഴ്‌സുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കുന്നതിന് ഇവർ സാക്ഷ്യം വഹിക്കുന്നു. ഇതിന് ഒന്നാം സ്ഥാനം QR 150,000, രണ്ടാം സ്ഥാനം QR 100,000, മൂന്നാം സ്ഥാനം QR 75,000.

4- വീഡിയോ ആക്‌സിസ്: ക്രിയേറ്റീവ് വീഡിയോ ക്ലിപ്പുകൾ നൽകി മത്സരത്തിൽ പങ്കെടുക്കാൻ ഫോട്ടോഗ്രാഫർമാരെ അനുവദിക്കുന്നു. ഒന്നാം സ്ഥാനം QR 150,000, രണ്ടാം സ്ഥാനം QR 100,000, മൂന്നാം സ്ഥാനം QR 75,000 എന്നിങ്ങനെയാണ് ഇതിനു ലഭിക്കുക .

5- ജനറൽ ആക്‌സിസ്: ഇത് കളർ ഫോട്ടോ വിഭാഗമായും ബ്ലാക്ക് ആൻഡ് വൈറ്റ് വിഭാഗമായും തിരിച്ചിരിക്കുന്നു, ഓരോ വിഭാഗത്തിനും മൂന്ന് സമ്മാനങ്ങൾ, ആകെ ആറ് സമ്മാനങ്ങൾ: ഒന്നാം സ്ഥാനം QR 150,000, രണ്ടാം സ്ഥാനം QR 100,000, മൂന്നാം സ്ഥാനം QR 75,000.

ദോഹ ഫോട്ടോഗ്രാഫി ഫെസ്റ്റിവലിൻ്റെ പ്രവർത്തനങ്ങൾ തുടർച്ചയായ അഞ്ചാം ദിവസവും നടന്നു. ഫോട്ടോഗ്രാഫിയിൽ താൽപ്പര്യമുള്ളവരുടെ വലിയ സാന്നിധ്യവും പങ്കാളിത്തവും ഉണ്ടായിരുന്നു. നിങ്ങൾക്ക് ഏറ്റവും പുതിയ ഉപകരണങ്ങളെക്കുറിച്ചു പഠിക്കാനും പങ്കെടുക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ പവലിയനുകൾ വഴി അവ സ്വന്തമാക്കാനും ഇതിലൂടെ കഴിയും.

Exit mobile version