2019-ൽ ആരംഭിച്ചതു മുതൽ 200 ദശലക്ഷത്തിലധികം യാത്രക്കാർക്ക് ദോഹ മെട്രോ സേവനം നൽകിയതായി ഖത്തർ റെയിൽവേ കമ്പനി (ഖത്തർ റെയിൽ) അറിയിച്ചു. ദൈനംദിന യാത്രകൾക്കും പ്രത്യേക പരിപാടികൾക്കും കൂടുതൽ ആളുകൾ മെട്രോ ഉപയോഗിക്കുന്നുണ്ടെന്ന് ഇത് കാണിക്കുന്നു.
2019 മെയ് മുതൽ 2023 ജനുവരി വരെ 100 ദശലക്ഷത്തിലധികം യാത്രക്കാർ മെട്രോ ഉപയോഗിച്ചു. ഏകദേശം 3.5 വർഷമെടുത്താണ് നൂറു മില്യണിലേക്ക് എത്തിയത്. എന്നാൽ 2 വർഷത്തിനുള്ളിൽ അടുത്ത 100 മില്യണിലെത്തി. ഇത് യാത്രക്കാർ കൂടുതൽ മെട്രോയെ ആശ്രയിക്കുന്നുണ്ടെന്ന് കാണിക്കുന്നു
ലോകോത്തര സേവനങ്ങൾ സുരക്ഷിതവും വിശ്വസനീയവുമായ തലത്തിൽ നൽകുന്നതാണ് മെട്രോയുടെ വിജയം. നെറ്റ്‌വർക്കിന് റെഡ്, ഗോൾഡ്, ഗ്രീൻ എന്നിങ്ങനെ മൂന്ന് ലൈനുകളിലായി 37 സ്റ്റേഷനുകളുണ്ട്.
കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ, 20-ലധികം പ്രധാന കായിക മത്സരങ്ങൾ ഖത്തറിൽ ഭംഗിയായി നടക്കാൻ ദോഹ മെട്രോ ഒരു പ്രധാന പങ്ക് വഹിച്ചു. അമീർ കപ്പ് ഫൈനൽ, ഫിഫ അറബ് കപ്പ് 2021, ഫിഫ ലോകകപ്പ് ഖത്തർ 2022, എഎഫ്‌സി ഏഷ്യൻ കപ്പ് ഖത്തർ 2023 എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഈ പരിപാടികളുടെ ഭാഗമായി വലിയ ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാനും യാത്രക്കാരെ സുരക്ഷിതരാക്കാനും ഖത്തർ റെയിൽ പ്രത്യേക പദ്ധതികൾ ആവിഷ്‌കരിച്ചു.
ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഇവൻ്റ് വേദികൾ, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുൾപ്പെടെ ഖത്തറിലെ പ്രധാന സ്ഥലങ്ങളെ മെട്രോ ബന്ധിപ്പിക്കുന്നു. ഗതാഗത മന്ത്രാലയവും മൊവാസലാത്ത് (കർവ)യുമായി ചേർന്ന് പ്രവർത്തിക്കുന്ന മെട്രോ, മെട്രോ ലിങ്ക് ബസുകൾ, മെട്രോ എക്‌സ്‌പ്രസ് വാനുകൾ, പാർക്ക് & റൈഡ് സൗകര്യങ്ങൾ തുടങ്ങിയ അധിക സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു. ഈ “ഫസ്റ്റ് ആൻ്റ് ലാസ്റ്റ് മൈൽ” സേവനങ്ങൾ മെട്രോ സ്റ്റേഷനുകളിൽ എളുപ്പത്തിൽ എത്തിച്ചേരാൻ ആളുകളെ സഹായിക്കുന്നു.
മെട്രോലിങ്ക് സേവനം 2019ൽ 13 റൂട്ടുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 30 സ്റ്റേഷനുകളിലേക്ക് സർവീസ് നടത്തുന്ന 61 റൂട്ടുകളായി വളർന്നു. മെട്രോ എക്‌സ്‌പ്രസ് സർവീസ് 2019 ജൂലൈയിൽ ആരംഭിച്ച രണ്ട് സ്റ്റേഷനുകളിൽ നിന്ന് ഇപ്പോൾ 10 മെട്രോ സ്‌റ്റേഷനുകളും 12 ട്രാം സ്‌റ്റേഷനുകളുമായിട്ടുണ്ട്.
ഇപ്‌സോസ് നടത്തിയ ഒരു സർവേ പ്രകാരം 90% ആളുകളും മെട്രോ സുരക്ഷിതമാണെന്നും ട്രാഫിക് കുറയ്ക്കുമെന്നും പരിസ്ഥിതി സൗഹൃദമാണെന്നും സുഗമമായ യാത്രാനുഭവം പ്രദാനം ചെയ്യുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.