നവംബർ 26 നും ഡിസംബർ 4 നും ഇടയിൽ ഖത്തർ കോർണിഷ് ഏരിയയിലെ റോഡുകൾ താൽക്കാലികമായി അടച്ചിട്ട കാലയളവിൽ, ദോഹ മെട്രോ സ്റ്റേഷനുകൾ വഴി 680,000 യാത്രക്കാർ സഞ്ചരിച്ചതായി ഖത്തർ റെയിൽ അറിയിച്ചു.
കോർണിഷ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ദോഹ മെട്രോ സ്റ്റേഷനുകൾ – നാഷണൽ മ്യൂസിയം, സൂഖ് വാഖിഫ്, കോർണിഷ്, അൽ ബിദ്ദ, വെസ്റ്റ് ബേ, ഡിഇസിസി, റാസ് ബു അബൗദ് എന്നിവിടങ്ങളിൽ യാത്രക്കാരുടെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
ഫിഫ അറബ് കപ്പിനോട് അനുബന്ധിച്ച് നടന്ന 11-ാമത് ഖത്തർ അന്താരാഷ്ട്ര ഫുഡ് ഫെസ്റ്റിവൽ വേദിക്ക് സമീപമുള്ള അൽ ബിദ്ദ സ്റ്റേഷനിൽ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ എത്തിയ പൊതുജനങ്ങളാൽ അസാധാരണമായ തിരക്കാണ് അനുഭവപ്പെട്ടത്. അൽ ബിദ്ദ പാർക്കിലാണ് ഖത്തർ രാജ്യാന്തര ഭക്ഷ്യമേള നടക്കുന്നത്.
അതേ സമയം, മെട്രോലിങ്ക്, മെട്രോ എക്സ്പ്രസ് സർവീസുകൾ കോർണിഷ് ഏരിയയിലുടനീളം യാത്രക്കാരെ കൊണ്ടുപോകുന്നത് തുടർന്നു. അടച്ചുപൂട്ടൽ കാലയളവിൽ രണ്ട് സർവീസുകളും വ്യത്യസ്ത റൂട്ടുകളിലാണ് പ്രവർത്തിച്ചത്. ഇത് കോർണിഷ് ഏരിയയ്ക്ക് ചുറ്റുമുള്ള ജനങ്ങൾക്ക് യാത്രാസൗകര്യമൊരുക്കി.
പൊതുഗതാഗതത്തിൽ ദോഹ മെട്രോയുടെ അഭിവാജ്യമായ പങ്ക് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന ഉദാഹരണമായി ഇക്കഴിഞ്ഞ കോർണിഷ് അടച്ചിടൽ. അതേസമയം, 8 ദിവസം നീണ്ട അടച്ചുപൂട്ടലിന് ശേഷം ഡിസംബർ 5 ഇന്നലെ മുതൽ കോർണിഷ് റോഡുകൾ എല്ലാ വാഹനങ്ങൾക്കുമായി തുറന്നതായി അഷ്‌ഗാൽ വ്യക്തമാക്കി.