പത്ത് ലക്ഷം റിയാലിന്റെ സമ്മാനങ്ങളുമായി ദോഹ മാരത്തൺ, മത്സരങ്ങളുടെ തീയതി തീരുമാനിച്ചു

2025ലെ ദോഹ മാരത്തൺ ജനുവരി 17 വെള്ളിയാഴ്‌ച നടക്കുമെന്ന് ഉരീദു അറിയിച്ചു. ഹോട്ടൽ പാർക്കിൽ നിന്നും ആരംഭിച്ച് ദോഹ കോർണിഷിലൂടെ മത്സരിക്കുന്നവർ ഓടുമെന്നും ഉരീദു അറിയിച്ചു. ജനുവരി 16 വ്യാഴാഴ്‌ച ഹോട്ടൽ പാർക്കിൽ കുട്ടികൾക്കും ജൂനിയർമാർക്കുമുള്ള ഇവൻ്റുകൾ ഉൾപ്പെടെയുള്ള യൂത്ത് റേസുകളും നടക്കും.

വർഷങ്ങളായി മാരത്തൺ വളർന്നുവെന്നും ഇപ്പോൾ ഖത്തറിലെ ഏറ്റവും വലിയ കായിക, കമ്മ്യൂണിറ്റി ഇവൻ്റാണെന്നുംദോഹ മാരത്തൺ വൈസ് ചെയർമാൻ സബാഹ് റാബിയ അൽ കുവാരി പറഞ്ഞു. 5 കിലോമീറ്റർ, 10 കിലോമീറ്റർ, 21 കിലോമീറ്റർ, 42 കിലോമീറ്റർ എന്നിങ്ങനെ നാല് റേസ് വിഭാഗങ്ങളാണ് മാരത്തണിലുള്ളത്.

വികലാംഗർക്ക് 21 കിലോമീറ്റർ വരെ മത്സരങ്ങളിൽ പങ്കെടുക്കാം, അവർക്ക് രജിസ്ട്രേഷൻ സൗജന്യമാണ്. ക്യാഷ് പ്രൈസുകൾ വാഗ്ദാനം ചെയ്യുന്ന ‘അൽ ആദം’ വിഭാഗത്തിലൂടെ ഖത്തറി പങ്കാളികൾക്ക് മൂന്നാം വർഷവും സമ്മാനങ്ങൾ നൽകുന്നുണ്ടെന്ന് അൽ കുവാരി പരാമർശിച്ചു. നറുക്കെടുപ്പിലൂടെ നൽകുന്ന രണ്ട് ടൊയോട്ട കാറുകൾ ഉൾപ്പെടെ പത്ത് ലക്ഷം ഖത്തർ റിയാലോളം ആകെ സമ്മാനത്തുക വരുന്നുണ്ട്.

ഈ വർഷം 15000 ഓട്ടക്കാരെ സ്വാഗതം ചെയ്യാനാകുമെന്ന് അൽ കുവാരി പ്രതീക്ഷിക്കുന്നു. മാരത്തൺ വെബ്‌സൈറ്റിൽ ഒക്ടോബർ 30 വരെ ഏർളി ബേർഡ് ഡിസ്‌കൗണ്ട് ലഭ്യമാണ്. കഴിഞ്ഞ 12 വർഷമായി ചെയ്യുന്നതുപോലെ രജിസ്ട്രേഷൻ ഫീസിൻ്റെ ഒരു ഭാഗം ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. “അൽ ആദം” വിഭാഗത്തിലെ മികച്ച മൂന്ന് വിജയികളെ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ഭാവി മാരത്തണുകളിൽ പങ്കെടുക്കാൻ ക്ഷണിക്കും.

പങ്കെടുക്കുന്നവരുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും സുഗമമായ ഗതാഗതം ഉറപ്പാക്കാൻ നിയുക്ത എൻട്രി, എക്‌സിറ്റ് പോയിൻ്റുകൾ ഉണ്ടായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിന് വേണ്ടി സംസാരിച്ച മേജർ ഫഹദ് ബൗഹെന്ദി അൽ ഹറാമി പറഞ്ഞു.

മാരത്തൺ വില്ലേജ് ജനുവരി 14-ന് തുറക്കും, പങ്കെടുക്കുന്നവർക്ക് ജനുവരി 16 വരെ അവരുടെ റേസ് കിറ്റുകൾ എടുക്കാം. എല്ലാവർക്കും ആസ്വദിക്കാൻ വില്ലേജ് വിവിധ വിനോദ പരിപാടികളും വാഗ്ദാനം ചെയ്യുന്നു. ഈ വർഷത്തെ ഒരു പുതിയ കൂട്ടിച്ചേർക്കൽ, ജനുവരി 16 വ്യാഴാഴ്ച്ച ഹോട്ടൽ പാർക്കിൽ നടക്കുന്ന യൂത്ത് റേസാണ്.

Exit mobile version