ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പുസ്തക മേള പുരോഗമിക്കുന്നു.

ദോഹ: 31-ാമത് ദോഹ അന്താരാഷ്ട്ര പുസ്തകമേള വായനയുടെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനും അറിവിലേക്കും ശാസ്ത്രത്തിലേക്കും നീങ്ങാനുള്ള മികച്ച അവസരമാണെന്നും സാംസ്കാരിക മന്ത്രി ഷെയ്ഖ് അബ്ദുൾറഹ്മാൻ ബിൻ ഹമദ് അൽ താനി പറഞ്ഞു.

437 പ്രദർശകർ പങ്കെടുക്കുന്ന ഖത്തറിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ബുക്ക് എക്‌സിബിഷനാണ് കൊറോണ നിയന്ത്രണങ്ങൾക്കിടയിലും നടക്കുന്നത്. 319 അറബ് പബ്ലിഷർമാരും, 45 വിദേശ പബ്ലിഷർമാരും മേളയിലുണ്ട്. 73 പബ്ലിഷിംഗ് ഹൗസുകൾ കുട്ടികളുടെ വിഭാഗത്തിന് മാത്രമായുണ്ട്. ഖത്തർ അമീർ ഷെയ്ഖ് തമീമിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ഖാലിദ് ബിൻ ഖലീഫ അൽ താനിയാണ് വ്യാഴാഴ്ച മേള ഉദ്ഘാടനം ചെയ്തത്.

37 രാജ്യങ്ങളിൽ നിന്ന് 845 പവലിയനുകൾ മേളയിലുണ്ട്, 1972-ൽ ആരംഭിച്ച് 50-ാം വർഷത്തിലേക്ക് കടക്കുന്ന മേള ഖത്തറിന്റെ സാംസ്കാരിക നേതൃത്വത്തെ പ്രതിനിധീകരിക്കുന്നുവെന്നും സംസ്കാരത്തിന്റെയും വിജ്ഞാനത്തിന്റെയും വ്യാപനത്തിൽ അതിന്റെ സംഭാവനയുടെ തുടർച്ചയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രദർശനത്തിൽ പങ്കെടുക്കുന്ന പ്രസിദ്ധീകരണ സ്ഥാപനങ്ങൾക്ക് കസ്റ്റംസ് ക്ലിയറൻസ്, ഏജൻസികളുടെ ഫീസ് ഒഴിവാക്കൽ തുടങ്ങിയ പിന്തുണയും സാംസ്കാരിക മന്ത്രാലയം നൽകുന്നുണ്ട്.

മുൻകൂർ ഓണ്ലൈൻ രജിസ്‌ട്രേഷൻ (https://31.dohabookfair.qa/en/visitors/visitors-registration/) ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം. എക്‌സിബിഷനിലേക്കുള്ള സന്ദർശനം 12 വയസ്സിന് മുകളിലുള്ള, രണ്ടാം ഡോസ് എടുത്ത് 14 ദിവസം പൂർത്തിയാക്കിയ അല്ലെങ്കിൽ കൊവിഡിൽ നിന്ന് സുഖം പ്രാപിച്ചവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. എല്ലാ സന്ദർശകരും എഹ്തെറാസ് ആപ്പ് കാണിക്കേണ്ടത് നിർബന്ധമാണ്. പരമാവധി 2000 പേരെയാണ് ഹാളിൽ ഒരേ സമയം പ്രവേശിപ്പിക്കുക.

എല്ലാ ദിവസവും രാവിലെ 9 മുതൽ രാത്രി 10 വരെയും, വെള്ളിയാഴ്ച ഉച്ച തിരിഞ്ഞു 3 മുതലും മേള ലഭ്യമാകും. ജനുവരി 22 വരെയാണ് പുസ്തകമേള നടക്കുന്നത്.

Exit mobile version