ഖത്തറിന്റെ നാഷണൽ എംബ്ലം വാണിജ്യപരമായി ഉപയോഗിക്കുന്നത് നിരോധിച്ചു

ദോഹ: കടകളിലും ഇലക്ട്രോണിക് പ്ലാറ്റ്‌ഫോമുകളിലും ഖത്തറിന്റെ ഔദ്യോഗിക ചിഹ്നം വാണിജ്യാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നത് വാണിജ്യ വ്യവസായ മന്ത്രാലയം (എംഒസിഐ) നിരോധിച്ചു.

വ്യാപാരമുദ്രകൾ, വ്യാപാര സൂചനകൾ, വ്യാപാര നാമങ്ങൾ, ഭൂമിശാസ്ത്രപരമായ സൂചനകൾ, വ്യാവസായിക ഡിസൈനുകൾ, ടെംപ്ലേറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട് ചിഹ്നം ഉപയോഗിക്കുന്നത് 2022 ലെ 9-ാം നമ്പർ നിയമം അനുസരിച്ചാണ് നിരോധിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യാപാരികളും സ്റ്റോർ മാനേജർമാരും മറ്റുള്ളവരും നിരോധനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

“മന്ത്രാലയം അതിന്റെ പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുകയും നിയമങ്ങൾ ലംഘിക്കുന്ന ആർക്കും എതിരെ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യും,” അധികൃതർ മുന്നറിയിപ്പ് നൽകി.

ഖത്തർ സ്‌റ്റേറ്റിന്റെ പുതിയ എംബ്ലം കഴിഞ്ഞ ആഴ്ചയിലാണ് പുറത്തിറക്കിയത്. വെളുത്ത പശ്ചാത്തലത്തിൽ സ്ഥാപകന്റെ വാൾ, ഈന്തപ്പന, കടൽ, പരമ്പരാഗത ബോട്ട് തുടങ്ങിയ മെറൂൺ നിറത്തിലുള്ള പൈതൃക ഖത്തരി ചിഹ്നങ്ങൾ ഉൾപ്പെടുന്നതാണ് ചിഹ്നം.

Exit mobile version