2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഖത്തറിന് കഴിയുമെന്ന് വേൾഡ് തായ്‌ക്വോണ്ടോ പ്രസിഡൻ്റ്

2036 ലെ സമ്മർ ഒളിമ്പിക് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ഖത്തറിൻ്റെ കഴിവിൽ വേൾഡ് തായ്‌ക്വോണ്ടോയുടെ പ്രസിഡൻ്റ് ഡോ. ചുങ്‌വോൺ ചൗ ശക്തമായ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഖത്തർ ന്യൂസ് ഏജൻസിക്ക് (ക്യുഎൻഎ) നൽകിയ അഭിമുഖത്തിൽ, വലിയ കായിക മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഖത്തറിൻ്റെ വിജയകരമായ റെക്കോർഡിനെക്കുറിച്ചും അനുഭവസമ്പത്തിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പ്രത്യേകിച്ചും 2006 ലെ ഏഷ്യൻ ഗെയിംസ്, 2022 ലെ ഫിഫ ലോകകപ്പ് തുടങ്ങിയ ഇവൻ്റുകൾ ഖത്തർ മികച്ച രീതിയിൽ നടത്തിയത് അദ്ദേഹം എടുത്തു പറഞ്ഞു.

2006-ലെ ഏഷ്യൻ ഗെയിംസിലാണ് താൻ ആദ്യമായി ഖത്തർ സന്ദർശിച്ചതെന്നു പറഞ്ഞ അദ്ദേഹം 2022 ഫിഫ ലോകകപ്പ് ഏറ്റവും മികച്ച രീതിയിൽ കൈകാര്യം ചെയ്‌തതിന്‌ ഖത്തറിനെ പ്രശംസിച്ചു. വളരെ മികച്ചതും അസാധാരണവുമായ രീതിയിൽ ലോകകപ്പ് നടത്തിയ ഖത്തറിന് ഒളിംപിക് ഗെയിംസ് പോലെ വലിയ ഒരു ഇവൻ്റ് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഖത്തർ ആതിഥേയത്വം വഹിച്ച മിക്ക ടൂർണമെൻ്റുകളും അസാധാരണ അനുഭവമാണെന്നും മികച്ച വിജയം നേടിയിട്ടുണ്ടെന്നും ഡോ. ചൗ അഭിപ്രായപ്പെട്ടു. ലോക തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പുകൾ അല്ലെങ്കിൽ വേൾഡ് തായ്‌ക്വോണ്ടോ ഗ്രാൻഡ് പ്രിക്‌സ് പോലെയുള്ള ഇന്റർനാഷണൽ തായ്‌ക്വോണ്ടോ ഇവൻ്റുകൾക്ക് അനായാസം ആതിഥേയത്വം വഹിക്കാൻ ഖത്തറിൻ്റെ തായ്‌ക്വോണ്ടോ ഇൻഫ്രാസ്ട്രക്ച്ചർ തയ്യാറാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

മിഡിൽ ഈസ്റ്റിൽ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ തായ്‌ക്വോണ്ടോ ഗണ്യമായി വളർന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുജൈറ ഇൻ്റർനാഷണൽ ഓപ്പൺ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പ് പോലുള്ള ടൂർണമെൻ്റുകൾ മേഖലയിലെ തായ്‌ക്വോണ്ടോ വികസനത്തിന് പ്രോത്സാഹനം നൽകുന്നതായി പറഞ്ഞു, സൗദി അറേബ്യയിൽ ഈയിടെ സംഘടിപ്പിച്ച പ്രഥമ ലോക തായ്‌ക്വോണ്ടോ വനിതാ ഓപ്പൺ ചാമ്പ്യൻഷിപ്പിനെക്കുറിച്ചും ഡോ. ​​ചൗ പറഞ്ഞു.

കൂടാതെ, പോസിറ്റീവ് സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്നതിനുള്ള ഒരു മാർഗമായി സ്‌പോർട്‌സിനെ ഉപയോഗിക്കുന്നതിനു ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റ് ഷെയ്ഖ് ജോവാൻ ബിൻ ഹമദ് അൽതാനിയുമായി ചേർന്ന് നടത്തുന്ന പ്രവർത്തനത്തിൽ ഡോ. ചൗ അഭിമാനം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് ദുർബലരായ സമൂഹങ്ങളെയും അഭയാർഥികളെയും പിന്തുണയ്ക്കാൻ ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Exit mobile version