ഖത്തറിലെ കൊവിഡ് വർദ്ധന ഏറ്റവുമധികം ബാധിക്കുന്നത് കുട്ടികളെ; വരും ആഴ്ചകളിൽ രോഗം കൂടും!

കഴിഞ്ഞ രണ്ട് മാസങ്ങളായി ഖത്തറിൽ കൊവിഡ് കേസുകളിൽ വർധനവുണ്ടായിട്ടുണ്ടെന്നും ഇതിൽ കുട്ടികളെയാണ് രോഗം ഏറ്റവും കൂടുതൽ ബാധിച്ചതെന്നും പബ്ലിക് ഹെൽത്ത് മന്ത്രാലയത്തിലെ ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വകുപ്പ് ഡയറക്ടറായ ഡോ. ഹമദ് അൽ റുമൈഹി അറിയിച്ചു. രണ്ടാം ഡോസ് കഴിഞ്ഞ് ആറ് മാസത്തിലേറെയായി പ്രതിരോധശേഷി കുറഞ്ഞവരും രോഗബാധിതരിൽ ഉൾപ്പെടുന്നതായി, അദ്ദേഹം ഖത്തർ ടിവിയോട് പറഞ്ഞു.

വരും ആഴ്ചകളിൽ, കേസുകളുടെ വർദ്ധനവ് പിന്നെയും കണ്ടേക്കാമെന്നും റുമൈഹി മുന്നറിയിപ്പ് നൽകി. ശൈത്യകാലം വൈറസിന്റെ വ്യാപനത്തിന് അനുകൂലമായതായും അദ്ദേഹം സൂചിപ്പിച്ചു. “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ആശുപത്രി പ്രവേശനത്തിൽ വർദ്ധനവ് ഞങ്ങൾ ശ്രദ്ധിച്ചു. കോവിഡ് രോഗികളെ പരിചരിക്കുന്നതിന് നിരവധി മെഡിക്കൽ സൗകര്യങ്ങൾ അനുവദിച്ചിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

പൊതുജനാരോഗ്യ മന്ത്രാലയത്തിന് ശേഷി വർദ്ധിപ്പിക്കാനുള്ള കഴിവുണ്ടെന്നും അൽ റുമൈഹി കൂട്ടിച്ചേർത്തു.  ആവശ്യമുള്ളപ്പോൾ രോഗികളെ പരിചരിക്കുന്നതിന് നിയുക്ത സൗകര്യങ്ങളിൽ ചേരാൻ മറ്റ് നിരവധി ആശുപത്രികൾ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 9 ന് തുറക്കുന്ന ഖത്തർ വാക്‌സിനേഷൻ സെന്റർ ഫോർ ബിസിനസ് ആന്റ് ഇൻഡസ്ട്രി സെക്ടറിൽ, പ്രതിദിനം 30,000 ബൂസ്റ്റർ ഡോസുകൾ നൽകുമെന്നും, 28 ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനേഷൻ നൽകുമെന്നും ആവശ്യത്തിന് വാക്സിനുകൾ ലഭ്യമാണെന്നും ഡോ. റുമൈഹി വിശദമാക്കി. “മൂന്നാം ഡോസിന്റെ ലക്ഷ്യം ഒമിക്രോൺ വകഭേദത്തിൽ നിന്ന് പരിരക്ഷിക്കുക എന്നതാണ്.”

ഇഹ്തിറാസ് ആപ്ലിക്കേഷനിലെ ഗോൾഡൻ ഫ്രെയിമിലൂടെ, ക്വാറന്റൈൻ ഇളവ്, ജോലിസ്ഥലങ്ങൾ, റെസ്റ്റോറന്റുകൾ, ക്ലബ്ബുകൾ, ബാർബർഷോപ്പുകൾ, പൊതു സ്ഥലങ്ങൾ, എന്നിവടങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങി നിരവധി നേട്ടങ്ങൾ ലഭിക്കുന്നതായും റുമൈഹി ചൂണ്ടിക്കാട്ടി.

Exit mobile version