ദോഹ: ഒക്ടോബർ 6 ന് നിലവിൽ വരുന്ന ഖത്തറിന്റെ പുതിയ ട്രാവൽ പോളിസി പ്രകാരം, ഇന്ത്യക്കാർക്കുൾപ്പടെ വിസിറ്റേഴ്‌സ് വീസയിൽ കുട്ടികളെയും കൊണ്ടുവരാം. ഇന്ത്യ ഉൾപ്പെടുന്ന എക്സപ്ഷണൽ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള എല്ലാ തരം വിസിറ്റ് വിസ (ഫാമിലി, ടൂറിസ്റ്റ്, ബിസിനസ്) ഹോൾഡേഴ്‌സിനും വാക്സീൻ എടുത്തവർക്ക് മാത്രമാണ് പ്രവേശനാനുമതി.
എന്നാൽ ഇവരോടൊപ്പം 11 വയസ്സിന് താഴെയുള്ള വാക്സീൻ എടുക്കാത്ത കുട്ടികൾക്കും പ്രവേശനം അനുവദിച്ചിട്ടുണ്ട്. വാക്സിനേഷൻ പൂർത്തിയാക്കിയ രക്ഷിതാവിനോ കുടുബാംഗത്തിനോ ഒപ്പമെത്തുന്നവർ ആയിരിക്കണം ഈ കുട്ടികൾ.
അതേസമയം, വാക്സീൻ പൂർത്തിയാക്കിയ 12 വയസ്സിന് മുകളിലുള്ള, കുട്ടികൾ ഉൾപ്പെടെയുള്ള ഏവർക്കും വിസിറ്റ് വീസയിൽ ഖത്തറിൽ പ്രവേശിക്കാം. ഇതോടെ, ഖത്തറിൽ ഫാമിലി വീസ ഉൾപ്പെടെയുള്ള വിസിറ്റ് വീസക്കാരുടെ ഏറെക്കാലത്തെ പരിഭവത്തിനാണ് പരിഹാരമായത്.
വിസിറ്റേഴ്‌സ് വിസക്കാർക്ക് ഉൾപ്പെടെ 2 ദിവസമാണ് പുതിയ ക്വാറന്റീൻ. ശേഷം സെറോളജി ആന്റിബോഡി ടെസ്റ്റിന് വിധേയമായി വാക്സീനിലൂടെ പ്രതിരോധശേഷി നേടിയതായി തെളിയിക്കണം. കൂടാതെ, ഖത്തറിലെത്തിയ ഉടൻ പിസിആർ ടെസ്റ്റിന് വിധേയമാവുകയും വേണം. പുറപ്പെടലിന് 72 മണിക്കൂറിനുള്ളിലുള്ള പിസിആർ ടെസ്റ്റും നിർബന്ധമാണ്.
വിസിറ്റേഴ്‌സ് വീസയിൽ 12 വയസ്സിന് മുകളിലുള്ള വാക്സിനേഷൻ പൂർത്തിയാക്കാത്ത ആർക്കും ഇപ്പോഴും ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചിട്ടില്ല.