ദോഹ: ഇന്ന് രാത്രി മുതൽ വെള്ളിയാഴ്ച വരെ ഖത്തറിൽ ചിലയിടങ്ങളിൽ മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ മന്ത്രാലയം അറിയിച്ചു. മഴയോടൊപ്പം ഇടിമിന്നലിനും സാധ്യത കല്പിക്കുന്നുണ്ട്. ശക്തമായ കാറ്റും വേലിയേറ്റവും പ്രതീക്ഷിക്കാം. ചൂടുള്ള പകലുകൾക്കൊപ്പം താഴ്ന്ന മേഘങ്ങളും ഖത്തറിൽ ദൃശ്യമാകും.
വാരാന്ത്യത്തിൽ, 33 മുതൽ 41 ഡിഗ്രി സെൽഷ്യസ് വരെയാണ് പ്രതീക്ഷിത താപനില. ശരാശരി 1 മുതൽ 3 അടി വരെയാണ് സമുദ്രനിരപ്പ് ഉയരുമെന്ന് കരുതുന്നത്. വ്യാഴാഴ്ച ഇത് ഇൻഷോറിൽ 4 അടി വരെ കൂടിയേക്കും. ഓഫ്‌ഷോർ മേഖലയിലാകട്ടെ, ഇടിയോട് കൂടിയ മഴയ്‌ക്കൊപ്പം വേലിയേറ്റം 4 മുതൽ 7 അടി വരെ ഉയർന്നേക്കും.
4 മുതൽ 9 കിലോമീറ്റർ വരെയാണ് ദൃശ്യപരത. ഇടിയോട് കൂടിയ മഴയുള്ള സമയങ്ങളിൽ, ഇത് 3 കിലോമീറ്ററോ അതിലും താഴെയോ ആയി കുറഞ്ഞേക്കും.