ഖത്തറിലേക്ക് മരക്കട്ടകൾക്കുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് കടത്താൻ ശ്രമം

അൽ റുവൈസ് തുറമുഖത്തിലൂടെ ഹാഷിഷ് കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസിന്റെ നേതൃത്വത്തിൽ തടഞ്ഞു. പച്ചക്കറി ഷിപ്മെന്റുകൾക്കുള്ളിൽ വച്ച മരക്കട്ടകൾക്കുള്ളിൽ നിന്നാണ് 81 കിലോയോളം വരുന്ന ഹാഷിഷ് കസ്റ്റംസ് കണ്ടെത്തിയത്. മരക്കട്ടകൾക്കുള്ളിൽ കുറുകെ ദ്വാരമുണ്ടാക്കി അതിനുള്ളിൽ ട്യൂബ് രൂപത്തിൽ ഘടിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കട്ടകൾ പിളർത്തി മയക്കുമരുന്ന് പുറത്തെടുക്കുന്ന ദൃശ്യം കസ്റ്റംസ് ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

ഖത്തർ കസ്റ്റംസിന്റെ പിടിയിൽ വീഴുന്ന വിവിധ തരം കള്ളക്കടത്തുകൾ തുടർക്കഥയാവുകയാണ്. ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് വിവരം ലഭിക്കുന്നവർ 16500 എന്ന ഹോട്ട്‌ലൈൻ നമ്പറിലോ, kafih@customs.gov.qa എന്ന ഇമെയിലോ അറിയിക്കണമെന്നാണ് കസ്റ്റംസിന്റെ നിർദ്ദേശം. ഇതിലൂടെ പൂർണ്ണരഹസ്യാത്മകതയിൽ തന്നെ വിവരങ്ങൾ അറിയിക്കാൻ സാധിക്കും.

Exit mobile version