‘ആസാദി കാ അമൃത് മഹോത്സവ്’ ഓണ്ലൈൻ ക്വിസിൽ പങ്കെടുക്കാം; രജിസ്‌ട്രേഷൻ ആരംഭിച്ചു

ദോഹ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിന്റെ ഭാഗമായി, ഇന്ത്യയെക്കുറിച്ചുള്ള അറിവും പ്രചോദനവും വർദ്ധിപ്പിക്കുക എൻ ലക്ഷ്യത്തിലൂന്നി, ഇന്ത്യൻ യുവാക്കൾക്കും വിദേശ പൗരന്മാരക്കുമായി ആസാദി കാ അമൃത് മഹോത്സവ് ഓണ്ലൈൻ ക്വിസ് സംഘടിപ്പിക്കുന്നു.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്- എൻആർഐ, പിഐഒ/ഒസിഐ, 16-35 വയസ് പ്രായമുള്ള വിദേശ പൗരന്മാർ എന്നിവയാണവ. 

ക്വിസിനായി 2021 ഡിസംബർ 1 മുതൽ ആരംഭിച്ച രജിസ്‌ട്രേഷൻ 2022 ജനുവരി 31 വരെ ലഭ്യമാവും. 2022 ജനുവരി 1-ന് ആരംഭിക്കുന്ന ക്വിസ് മത്സരം 2022 ജനുവരി 31 വരെയാണ് നീണ്ടുനിൽക്കുക.

ഓരോ വിഭാഗത്തിലെയും ആദ്യ 3 വിജയികളെ സ്വർണം, വെള്ളി, വെങ്കല ജേതാക്കളായി തിരഞ്ഞെടുക്കും.

60 മിനിറ്റ് നീണ്ടുനിൽക്കുന്ന 60 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളിലായാണ് മത്സരം. ഓരോ ചോദ്യത്തിനും നാല് ഓപ്‌ഷനുകൾ വീതം ലഭിക്കും. ഇന്ത്യൻ ചരിത്രം, ഭൂമിശാസ്ത്രം, സ്വാതന്ത്ര്യ സമരം, കല, കായികം തുടങ്ങിയ വിവിധ വിഷയങ്ങളിൽ നിന്നാവും ചോദ്യങ്ങൾ.

ക്വിസിനുള്ള വിഷയങ്ങളും രജിസ്ട്രേഷനെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങളും വെബ്സൈറ്റിൽ കാണാം: https://akamquiz.in/

ഖത്തറിലെ ഇന്ത്യൻ എംബസ്സി വിവരങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.

Exit mobile version