ഖത്തറിൽ കൊവിഡ് 5000 കവിഞ്ഞു; ട്രാവൽ ടെസ്റ്റ് പോളിസിയിൽ മാറ്റമുണ്ടാകുമെന്നു സൂചന

ദോഹ: ഖത്തറിൽ ഇന്ന് 899 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 5045 ആയി ഉയർന്നു. 168 പേർക്ക് മാത്രം രോഗമുക്തി രേഖപ്പെടുത്തിയ ഇന്ന് ഖത്തറിലുള്ള 563 പേർക്കും വിദേശത്ത് നിന്നെത്തിയ 270 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പ്രവേശിപ്പിച്ച 52 പേർ ഉൾപ്പെടെ ആശുപത്രി രോഗികൾ 296 ആയിട്ടുണ്ട്.

രാജ്യത്ത് കോവിഡ് വർധനയ്ക്കൊപ്പം പിസിആർ പരിശോധനയിലും തിരക്കേറി. ഇന്ന് 30389 ടെസ്റ്റുകളാണ് നടന്നത്. ഇതോടെ വിദേശത്ത് നിന്ന് ഖത്തറിലെത്തുന്ന യാത്രക്കാർക്ക് ഖത്തറിലെത്തിയ ശേഷം ആന്റിജൻ പരിശോധന മതിയാകുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം തീരുമാനിച്ചതായാണ് സൂചന. പിസിആർ നിർബന്ധമില്ല. അതേസമയം, യാത്രക്ക് മുൻപുള്ള കോവിഡ് ടെസ്റ്റായി ആർട്ടിപിസിആർ നിർബന്ധമായി തന്നെ തുടരും. 

രാജ്യത്തെ 28 പിഎച്സിസി കേന്ദ്രങ്ങളിലും പിസിആർ പരിശോധനക്ക് തിരക്കേറിയതോടെ, 6 പിഎച്സിസി കേന്ദ്രങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. തുമാമ, റൗദത്ത് അൽ ഖൈൽ, ലിബൈബ്, ഉമ്മ്‌ സലാൽ, അൽ വജബ, മയിദർ എന്നീ സെന്ററുകളാണ് സ്വദേശികൾക്ക് മാത്രമായി മാറ്റുന്നത്. മറ്റു കേന്ദ്രങ്ങളിൽ പ്രവാസികൾക്ക് ഉൾപ്പെടെ ടെസ്റ്റ് ലഭ്യമാകും.

ഇവ സംബന്ധിച്ച നോട്ടിഫിക്കേഷൻ പിഎച്സിസി അധികൃതർ ഹെൽത്ത് സെന്റർ മാനേജർമാർക്ക് അയച്ചതായാണ് സൂചന എങ്കിലും മന്ത്രാലയം ഔദ്യോഗികമായി അറിയിക്കുകയോ പ്രാബല്യത്തിൽ വരികയോ ചെയ്തിട്ടില്ല.

Exit mobile version