സൗദി അറേബ്യയുമായുള്ള അട്ടിമറി പരാജയം ഒന്ന് കൊണ്ട് മാത്രം ഗ്രൂപ്പ് ഫലം അറിയാൻ അവസാന മൽസരം വരെ കാത്ത് നിൽക്കേണ്ടി വന്ന അർജന്റീനയ്ക്ക് ഇന്നലെ രാജകീയമായ പ്രീ-ക്വാർട്ടർ പ്രവേശനം. സ്റ്റേഡിയം 974 ൽ നടന്ന മത്സരത്തിൽ പോളണ്ടിനെ 2-0 ന് തകർത്ത് വിട്ട് ഗ്രൂപ്പ് സിയിൽ ഒന്നാമനായാണ് അർജന്റീന അവസാന 16 ൽ എത്തുന്നത്. ഡിസംബർ 4 ന് രാത്രി 10 ന് ഗ്രൂപ്പ് ഡി രണ്ടാമനായ ഓസ്‌ട്രേലിയയുമായാണ് മെസിപ്പടയുടെ നോക്ക് ഔട്ട്. ഗ്രൂപ്പിൽ രണ്ടാമതായി ലാൻഡ് ചെയ്ത പോളണ്ടിന് ഗ്രൂപ്പ് ഡി ഒന്നാം സ്ഥാനക്കാരായ ഫ്രാൻസായിരിക്കും എതിരാളി.
ഇന്നലെ 974 സ്റ്റേഡിയത്തിൽ തുടക്കം മുതൽ മനോഹരമായ കളിയാണ് കണ്ടത്. ഒരു വിജയവും ഒരു സമനിലയുമായി, നോക്ക് ഔട്ട് സാധ്യത സജീവമായിരുന്ന പോളണ്ട് ഒരിക്കലും അർജന്റീനക്ക് ഗോൾ വഴങ്ങാതിരിക്കാൻ പ്രതിരോധം ശക്തമാക്കിയത് ആദ്യപകുതിയിൽ കണ്ടു. മെസ്സിയുടെ 3 ഗോൾ ശ്രമങ്ങൾ പോളണ്ട് പ്രതിരോധിച്ചു. പോളണ്ട് ഗോള്‍ കീപ്പർ വോസിയച് ഷെസ്നി തിളങ്ങിയപ്പോൾ 36–ാം മിനിറ്റിൽ മെസ്സിയുടെ പെനാൽറ്റിയും നഷ്ടമായി.
എന്നാൽ രണ്ടാം പകുതി പോളീഷ് പ്രതിരോധക്കോട്ട അർജന്റീന പൊളിച്ചു. മൊളീനയുടെ ക്രോസിൽ മാക് അലിസ്റ്റർ ബോക്സിന്റെ മധ്യ ഭാഗത്തുനിന്ന് പോളണ്ട് പോസ്റ്റിന്റെ ഇടതു മൂലയിലേക് പന്തെത്തിച്ചു.
67–ാം മിനിറ്റിൽ യുവതാരം എൻസോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ ജുലിയൻ അൽവാരസ് പോളിഷ് പ്രതിരോധ നിരയെ ഭേദിച്ച് ഗോൾ നേടി അർജന്റീനിയൻ വിജയം ആധികാരികമാക്കി. തുടർന്നും അർജന്റീന ആക്രമിച്ച് തന്നെ കളിച്ചു.
അതേസമയം നടന്ന ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ മെക്സിക്കോ സൗദി അറേബ്യയെ പരാജപ്പെടുത്തി (2-1). എന്നാൽ ഇരു ടീമുകൾക്കും നോക്ക് ഔട്ട് യോഗ്യത ഇല്ല. ഒരു വിജയവും ഒരു സമനിലയും (പോളണ്ടിനെതിരെ) ഒരു തോൽവിയുമുള്ള (അർജന്റീന) മെക്സിക്കോ 3 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമനായാണ് ലാൻഡ് ചെയ്യുന്നത്. അർജന്റീനയെ അട്ടിമറിച്ച സൗദി 2 പരാജയങ്ങളുമായി ഗ്രൂപ്പിൽ അവസാന സ്ഥാനക്കാരായി.
🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/KUkVGQZAiWk2eZ4uRV9HKu