ലുസൈലിൽ ഇന്ന് മരണക്കളി; അർജന്റീനക്ക് ജയിച്ചേ തീരൂ

ലാറ്റിനമേരിക്കൻ ഫുട്‌ബോളിലെ ഏറ്റവും വലിയ എതിരാളികളിൽ ഒന്നായ അർജന്റീനയുടെയും മെക്‌സിക്കോയുടെയും ഗ്രൂപ്പ് സിയിലെ പോരാട്ടം ഇന്ന് നടക്കാൻ ഇരിക്കെ ആരാധക ചർച്ചകൾക്കും ആവേശത്തിനും ചൂട് പിടിച്ചു.

ഇരുവശത്തുമുള്ള പതാക അണിഞ്ഞ ആയിരക്കണക്കിന് അനുയായികളാണ് ദോഹയിൽ ഒത്തുകൂടിയത്. ഒപ്പം ചേരാൻ താൽപ്പര്യമുള്ള അറബ് ആരാധകർക്കായി തെരുവ് പാർട്ടികൾ സംഘടിപ്പിക്കുകയും സ്പാനിഷ് ഭാഷയിലുള്ള ഗാനങ്ങൾ പാടുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാഴ്ച്ചകൾ സജീവമാണ്.

ദോഹയുടെ കടൽത്തീരത്ത് അർജന്റീനക്കാരും മെക്‌സിക്കോക്കാരും പരസ്പരം കളിയാക്കുന്ന കാഴ്ചകളും ഈ ദിവസങ്ങളിൽ ഉണ്ടായി. ലുസൈൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി ഗ്രൂപ്പ് സി മത്സരം ഇരുവർക്കും ഒരേ പോലെ മാരകമാണ്.

സൗദി അറേബ്യക്കെതിരെ ഉണ്ടായ വിനാശകരമായ പരാജയത്തിൽ മരവിച്ചു പോയ അർജന്റീനക്ക് ലോകകപ്പിൽ നിന്ന് ഏറ്റവും മോശമായ പുറത്താകൽ ഒഴിവാക്കാൻ ഇന്ന് ജയിച്ചേ തീരൂ.

കഴിഞ്ഞ ഏഴ് ലോകകപ്പുകളിൽ ക്വാർട്ടറിൽ പുറത്തായ മെക്‌സിക്കോ, തങ്ങളുടെ ആദ്യ മത്സരത്തിൽ പോളണ്ടിനോട് 0-0ന് സമനില പിടിച്ചു. മെക്സിക്കോ അതിനാൽ തന്നെയും ആത്മാവിശ്വാസത്തിലാണ്.

ലോകകപ്പിൽ ഇതുവരെ മൂന്ന് മത്സരങ്ങളിലാണ് അർജന്റീനയും മെക്‌സിക്കോയും ഏറ്റുമുട്ടിയത്. മൂന്നു തവണയും വിജയം നേടിയ ആത്മവിശ്വാസം അർജന്റീനക്കുമുണ്ട്. 1930 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ സ്‌കോർ 6-3 നാണ് അർജന്റീന മെക്സിക്കോയെ പൂട്ടിയത്. 2006 ലെ വിജയത്തിൽ 2-1 ആയിരുന്നു സ്‌കോർ. 2010ൽഏറ്റവും ഒടുവിൽ ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരെ മൂന്നു ഗോളിനും അർജന്റീന മെക്സിക്കോയെ തോൽപിച്ചു.

മെക്‌സിക്കോയുമായി ഏറ്റുമുട്ടിയ കഴിഞ്ഞ പത്തു മത്സരങ്ങളിലും അർജന്റീന തോറ്റിട്ടില്ല. ഏഴെണ്ണത്തിൽ ജയിച്ചപ്പോൾ മൂന്നെണ്ണം സമനിലയായി. 1930 മുതലുള്ള വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ 16 തവണ അർജന്റീന ജയിക്കുകയും 5 തവണ മെക്സിക്കോ ജയിക്കുകയും ചെയ്തു. 14 തവണയാണ് സമനിലയായത്. അർജന്റീന 57 ഗോളുകളും മെക്സിക്കോ 34 ഗോളുകളും നേടി.

കണക്കുകൾ എല്ലാം മെസിപ്പടയ്ക്ക് അനുകൂലമാവുമ്പോൾ, മെസ്സിയെയും ലൗത്താരോ മാർട്ടിനസിനെയും മുമ്പിൽ നിർത്തിയുള്ള പരമ്പരാഗത 4-4-2 ഫോർമേഷനിൽ തന്നെയാവും കോച്ച് ലയണൽ സ്‌കലോണി ടീമിനെ വിന്യസിക്കുക. സൗദി അറേബ്യയുമായി ഉണ്ടായ തിരിച്ചടി അർജന്റീനക്ക് പാഠമാകും. പ്രസ്തുത മത്സരത്തിൽ നിറം മങ്ങിപ്പോയ താരങ്ങളെ ഇന്നത്തെ മത്സരത്തിൽ മാറ്റി പരീക്ഷിക്കും.

ഇന്നത്തെ ഫലം തങ്ങളുടെ വിധി നിർണയിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ സ്‌ട്രൈക്കർ ലൗതാറോ മാർട്ടിനസ് പറഞ്ഞു. വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇 https://chat.whatsapp.com/JNIgigKNVZcDNAqC2C4b4m

Exit mobile version