ലിയോ മെസ്സിയും സംഘവും ഖത്തർ ലോകകപ്പ് ക്വാർട്ടറിൽ

ഓസ്‌ട്രേലിയക്കെതിരെ 2-1 ന് മികച്ച വിജയം സ്വന്തമാക്കി അർജന്റീന ഖത്തർ ലോകകപ്പ് ക്വാർട്ടറിലെത്തി. ഡിസംബർ ഒൻപതിന് ലുസെയ്ൽ
സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ
പോരാട്ടത്തിൽ അർജന്റീന
നെതർലൻഡ്സിനെ നേരിടും.

35-ാം മിനിറ്റിൽ മെസ്സിയും 57-ാം മിനിറ്റിൽ ജൂലിയൻ അൽവാരസും അർജന്റീനക്കായി ഗോൾ നേടി. 77-ാം മിനിറ്റിൽ ഒരു ഗോൾ മടക്കാൻ ഓസ്‌ട്രേലിയക്കായി. എങ്കിലും പന്തടക്കത്തിലും ആക്രമണത്തിലും പൂർണ ആധിപത്യമാണ് അർജന്റീന കാഴ്ച വച്ചത്.

തുടക്കത്തിൽ ഗോൾരഹിതമായി വിരസമായി മുന്നേറിയ കളി അർജന്റീന ആക്രമണത്തിന് തുടക്കമിട്ടതോടെ ചൂട് പിടിച്ചു. ഭൂരിഭാഗം സമയവും പന്ത് കയ്യടക്കിയും മുന്നേറിയുമാണ് അർജന്റീന ക്വാർട്ടറിലേക്ക് കുതിച്ചത്. അർജന്റീനയ്ക്ക് അനുകൂലമായി ഓസീസ് ബോക്സിനു പുറത്ത് വലതുപാർശ്വത്തിൽ ലഭിച്ച ഫ്രീകിക്കിൽ, ബോക്സിലേക്ക് മെസ്സി ഉയർത്തിവിട്ട പന്ത് ഓസീസ് താരങ്ങൾ പ്രതിരോധിക്കുന്നു. എങ്കിലും പന്ത് വീണ്ടും അർജന്റീന താരം മാക് അലിസ്റ്ററിലേക്ക്. അലിസ്റ്റർ നീട്ടി നൽകിയ പന്ത് നിക്കോളാസ് ഒട്ടാമെൻഡിയിൽ. ഓടിയെത്തിയ മെസ്സിക്ക് പാസായി നൽകുന്നു. 35-ാം മിനിറ്റിൽ മെസ്സി ആദ്യഗോൾ സ്‌കോർ ചെയ്യുന്നു. മെസ്സിയുടെ സ്‌കില്ലിന്റെ അതിമനോഹരമായ മറ്റൊരു കാഴ്ച കൂടി.

ജൂലിയൻ അൽവാരസിന്റെ രണ്ടാം ഗോൾ പക്ഷെ ഓസ്‌ട്രേലിയൻ താരങ്ങളുടെ അലക്ഷ്യത കൊണ്ട് പിറന്നതാണ്. ഗോൾ മുഖത്തെ പന്ത് വലിച്ചടിച്ച് ക്ലിയർ ചെയ്യേണ്ടതിന് പകരം തട്ടിക്കളിച്ചത് വിനയായി. കയ്യടക്കിയ പന്ത് ഗോളിയെ മറികടന്ന് ഗോളാക്കാൻ അൽവാരസിന് അധികം പണിപ്പെടേണ്ടി വന്നില്ല. അതില്ലായിരുന്നെങ്കിൽ കളി സമനില പിടിച്ച് വിധി മറ്റൊന്നായേനെ.

77-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി നൽകാൻ ഓസ്‌ട്രേലിയക്കായി.അത് വരെയുള്ള പൊരുതിക്കളിക്കുള്ള ആശ്വാസ സമ്മാനം. പകരക്കാരൻ താരം ക്രെയ്ഗ് അലക്സാണ്ടർ ഗുഡ്‌വിൻ നീട്ടിയടിച്ച പന്ത് ഗതി മാറി പോസ്റ്റിലെത്തി. ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റുകളിലും അർജന്റീന ഗോൾ മുഖം വിറപ്പിക്കാൻ ഓസ്‌ട്രേലിയക്കായി.

ആവേശം കത്തി നിന്ന മത്സരത്തിൽ അഹമ്മദ് ബിൻ അലി സ്റ്റേഡിയം നീലക്കടലായി. തന്റെ ആയിരാമത് മത്സരമായ ഇന്നലെ മറഡോണയുടെ 8 ഗോൾ മറി കടക്കാനും മെസ്സിക്കായി. ലോകകപ്പിൽ തന്റെ ഒമ്പതാമത് ഗോൾ ആണ് മെസ്സി ഇന്നലെ നേടിയത്.

🇶🇦 ഖത്തറിലെ വാർത്തകളും വിവരങ്ങളും തത്സമയം ലഭിക്കാൻ -വാട്ട്സ്ആപ്പ് ഗ്രൂപ്പ്👇https://chat.whatsapp.com/C5SlZkH4ATOIBY0CThW5zB

Exit mobile version