പ്രഥമ ഫിഫ അറബ് കപ്പിന് ഇന്ന് കിക്കോഫ്; അമീർ ഉദ്‌ഘാടനം ചെയ്യും

ദോഹ: പ്രഥമ ഫിഫ അറബ് കപ്പ് ടൂർണമെന്റ് ഇന്ന് വൈകിട്ട് അൽ ബയ്ത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനി ഉദ്ഘാടനം ചെയ്യും. അറബ് രാജ്യങ്ങളിലെ ഉന്നതരുടെയും രാഷ്ട്രത്തലവന്മാരുടെയും സാന്നിധ്യം ചടങ്ങിൽ ശ്രദ്ധേയമാകും.

അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ഖത്തർ സമയം ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന ടുണീഷ്യ×മൗറീത്താനിയ മത്സരവും അൽ ജനൂബ് സ്റ്റേഡിയത്തിൽ വൈകിട്ട് 4 ന് അരങ്ങേറുന്ന ഇറാഖ്×ഒമാൻ മത്സരവുമാണ് ഇന്നത്തെ ആദ്യ 2 പോരാട്ടങ്ങൾ. 

രാത്രി 7:30 ന് നടക്കുന്ന ഖത്തർ×ബഹ്‌റൈൻ പോരാട്ടത്തോടെ അൽ ബൈത്ത് സ്റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരവും അരങ്ങേറും. രാത്രി 10 ന് നടക്കുന്ന യുഎഇ×സിറിയ മത്സരത്തോടെ 974 സ്റ്റേഡിയവും ഉദ്ഘാടനം ചെയ്യപ്പെടും. 

16 രാജ്യങ്ങൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ 4 ടീമുകൾ വീതമുള്ള 4 ഗ്രൂപ്പുകളായാണ് മത്സരങ്ങൾ – 

ഗ്രൂപ് എ: ഖത്തര്‍, ഇറാഖ്, ഒമാന്‍, ബഹ്‌റൈന്‍

ഗ്രൂപ് ബി: തുനീഷ്യ, യുഎഇ, സിറിയ, മൗറിത്താനിയ

ഗ്രൂപ് സി: മൊറോക്കോ, സൗദി അറേബ്യ, ജോര്‍ദാന്‍, ഫലസ്തീന്‍.

ഗ്രൂപ് ഡി: അല്‍ജീരിയ, ഈജിപ്ത്, ലബ്‌നാന്‍, സുഡാന്‍.

ഡിസംബർ 7 വരെയാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ. ഡിസംബർ 10, 11 ദിനങ്ങളിലായി ക്വാർട്ടർ മത്സരങ്ങളും 15 ന് സെമികളും ഡിസംബർ 18 ന് ഫൈനലും അരങ്ങേറും. 2022 ലോക കപ്പിന് മുന്നൊരുക്കം എന്ന നിലയിലാണ് ഖത്തർ പ്രഥമ ഫിഫ അറബ് സംഘടിപ്പിക്കുന്നത്.

Exit mobile version