ഖത്തറിലാദ്യമായി എയർ കണ്ടീഷൻ ചെയ്ത റോഡുകളുമായി അൽ ഗറാഫ പാർക്ക് – പ്രവർത്തനം എങ്ങനെ

ദോഹ: ഖത്തറിലാദ്യമായി എയർ കണ്ടീഷൻ ചെയ്‌ത പാതകളുമായി, അൽ ഗറാഫ പാർക്ക് വ്യാഴാഴ്ച മുതൽ തുറന്നു. എല്ലാ പ്രായത്തിലുമുള്ള ദിവസേന 3000 സന്ദർശകർക്ക് സേവനം നൽകുന്നതിനായി ഏകദേശം 50,000 മീ 2 വിസ്തൃതിയിൽ അൽ ഗരാഫയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്.

പാർക്കിലുടനീളം കാൽനടയാത്രക്കാർക്കും ജോഗിംഗ് ട്രാക്കുകൾക്കുമായി സംയോജിത കൂളിംഗ്, എയർ കണ്ടീഷനിംഗ് സംവിധാനം നൽകിയിട്ടുണ്ട്. ഇത് 26 ഡിഗ്രി സെൽഷ്യസിനും 28 ഡിഗ്രി സെൽഷ്യസിനും ഇടയിൽ താപനില ഉറപ്പാക്കുന്നു.  പ്രവർത്തനച്ചെലവ് 50 ശതമാനത്തിലധികം കുറയ്ക്കുന്ന ഈ നൂതന കൂളിംഗ്, എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ പൊതുമരാമത്ത് അതോറിറ്റി അഷ്‌ഗലിന് പേറ്റന്റ് നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്.  

സോളാർ പാനലുകൾ ഉപയോഗിച്ച് ആണ് ചെലവ് കുറഞ്ഞതും പരിസ്‌ഥിതി സൗഹൃദവുമായ സംവിധാനം പ്രവർത്തിക്കുക. അന്തരീക്ഷ ഊഷ്മാവ് 37 ഡിഗ്രി സെൽഷ്യസിൽ കൂടുന്നില്ലെങ്കിൽ സോളാർ പാനലുകൾ മാത്രമാണ് എയർകണ്ടീഷണറുകൾ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതി ഉത്പാദിപ്പിക്കുക. അങ്ങനെ ആവശ്യമായ വൈദ്യുതിയുടെ 60% ലാഭിക്കാം.

പാരിസ്ഥിതിക ഘടകങ്ങളായ മരങ്ങളുടെയും കയറുന്ന വള്ളികളുടേയും ഉപയോഗം ഉറപ്പാക്കുന്ന രൂപകല്പനയും സിസ്റ്റത്തിലുണ്ട്. ഇത് തണുത്ത വായു പ്രചരിക്കുന്നതിനും അതിന്റെ ചോർച്ച കുറയ്ക്കുന്നതിനും ട്രാക്കുകൾക്കുള്ളിൽ തണുത്ത വായു നിലനിർത്തുന്നതിനും മെക്കാനിക്കൽ സഹായമില്ലാതെ താപനില 10 ഡിഗ്രി കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, ട്രാക്കുകൾ സ്വയം താപനില കുറയ്ക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതുമാണ്.

എയർകണ്ടീഷണറുകളിൽ നിന്ന് വായു സഞ്ചാരം അനുവദിക്കുന്നതിനായി ഇസ്‌ലാമിക മഷ്‌റബിയ ശൈലിയിലുള്ള ഘടനകൾ സ്ഥാപിച്ചിട്ടുണ്ട്. റബ്ബറൈസ്ഡ് ഫ്ലോറുകൾ താപനിലയുടെ ആഗിരണം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.  ഇടനാഴിക്കുള്ളിൽ ഇരിക്കാനും വായു സഞ്ചാരം നടത്താനും ഉപയോഗിക്കാവുന്ന വാക്വം സീറ്റുകളും ഇതിൽ ഉൾപ്പെടുന്നു.  

റൗദത്ത് അൽ-ഹമാമാം പാർക്ക്, റൗദത്ത് അൽ-ഖൈൽ പാർക്ക്, ഉമ്മുൽ-സെനീം പാർക്ക് എന്നിങ്ങനെ നിരവധി പ്രദേശങ്ങളിൽ സേവനം നൽകുകയും വിശാലമായ ഹരിതാഭ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു സെൻട്രൽ പാർക്കാണ് അൽ ഗരാഫ പാർക്ക്.

Exit mobile version