ഖത്തറിലെ സ്വകാര്യ സ്‌കൂൾ ഫീസ് ജിസിസിയിലെ തന്നെ ഉയർന്നത്, അടിക്കടി ഫീസ് വർധന; സർക്കാർ ഇടപെടണം എന്നാവശ്യം.

ദോഹ: ഖത്തറിലെ സ്വകാര്യ സ്‌കൂളുകളിലെ അടിക്കടിയുള്ള ഫീസ് വർധനക്കെതിരെ സർക്കാരും വിദ്യാഭ്യാസ മന്ത്രാലയവും ഇടപെടണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ രക്ഷിതാക്കളെ ഉദ്ധരിച്ച് പ്രാദേശിക പത്രമായ ‘അറ’യാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഒരു കുട്ടിക്ക് വേണ്ടി മാത്രം 15000 റിയാലിന് മുകളിൽ ഫീസ് നിലവിൽ ഖത്തറിൽ ഈടാക്കുന്നുണ്ട്. നീതീകരിക്കാനാവാത്ത ഫീസ് വർധനയാണ് ഇതിന് പുറമെ ഉണ്ടാവുന്നത്. രക്ഷിതാക്കൾ കുട്ടികളെ നിരന്തരം സ്‌കൂളുകൾ മാറ്റിച്ചേർക്കാൻ നിർബന്ധിതരാവുകയാണെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോലും പ്രതിവർഷം 40000 റിയാലോളം ചെലവ് വരുന്നതായി ഉദ്ധരിച്ച റിപ്പോർട്ട് ഖത്തറിലെ സ്‌കൂൾ ഫീസുകൾ ജിസിസി രാജ്യങ്ങളിലെ ഏറ്റവും ഉയർന്നതാണെന്നും പറയുന്നു. 

ലാഭേച്ഛയോടെ മാത്രം വിദ്യാഭ്യാസത്തെ കാണുന്ന സ്വകാര്യ സ്‌കൂളുകളുടെ നയത്തിനെതിരെ വിദ്യാഭ്യാസ വകുപ്പ് ഇടപെടണം എന്നാവശ്യമാണ് രക്ഷിതാക്കൾ മുന്നോട്ട് വെക്കുന്നത്. ഒപ്പം കുട്ടികളുടെ പുസ്തകങ്ങൾക്കും യാത്രയ്ക്കും സബ്‌സിഡികളും ആനുകൂല്യങ്ങളും അനുവദിക്കണമെന്നും ആവശ്യമുണ്ട്.

Exit mobile version