ഞായറാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ ഒരു കോടി ദിർഹം (20 കോടിയിലേറെ രൂപ) അടിച്ചത് ഖത്തറിലെ മലയാളികൾക്ക്. അൽസുവൈദി ഗ്രൂപ്പ് ഹൈപ്പർമാർക്കറ്റ് ജീവനക്കാരായ 40 പേർ ചേർന്ന് എടുത്ത 6 ടിക്കറ്റുകളിൽ അവസാനത്തേതിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
കൊല്ലം പരവൂർ സ്വദേശിയായ നഹീൽ നിസാമുദ്ദീന്റെ പേരിലാണ് ടിക്കറ്റുകൾ എടുത്തിരുന്നത്. ഇദ്ദേഹത്തെ ബന്ധപ്പെടാൻ ബിഗ് ടിക്കറ്റ് അധികൃതർ നേരത്തെ നടത്തിയ ശ്രമം വിഫലമായിരുന്നെങ്കിലും ഒരു സുഹൃത്തിന്റെ സഹായത്തോടെ അൽ സുവൈദിയിൽ അക്കൗണ്ടന്റ് ആയ നഹീലിലേക്ക് എത്തിച്ചേർന്നു.
37 മലയാളികളും 3 ബംഗ്ലാദേശുകാരും 50 റിയാൽ വീതം സ്വരൂപിച്ചാണ് ടിക്കറ്റ് എടുത്തത്. മാസത്തിൽ 50 ദിർഹം മാറ്റിവച്ച് എല്ലാ മാസവും വ്യത്യസ്ത ആളുകളുടെ പേരിൽ ടിക്കറ്റ് എടുക്കുക പതിവായിരുന്നു. ഇക്കുറി നഹീലിന്റെ പേരിലാണ് ഭാഗ്യം കൈവന്നത്. ഷിനോയ് പയ്യന്നൂർ, റസാഖ് ആലുങ്ങൽ, ആലിക്കുട്ടി, സുബാഷ് സോമശേഖരൻ, അബ്ദുൽ കാദർ തുടങ്ങിയവരാണ് സംഘത്തിലെ മറ്റു അംഗങ്ങൾ. 40 പേരും ഹൈപ്പർമാർക്കറ്റിലെ വിവിധ ഡിപ്പാർട്ട്‌മെന്റുകളിൽ ജോലി ചെയ്യുന്നവരാണ്.
സമ്മാനത്തുക തുല്യമായി വീതിക്കുമെന്ന് നഹീൽ പറഞ്ഞു. സംഘത്തിലെ ഓരോരുത്തരും സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവാണ്. അതുകൊണ്ടുതന്നെ അവരവരുടെ പ്രശ്നപരിഹാരത്തിനായിരിക്കും തുക വിനിയോഗിക്കുക. സമ്മാനം ലഭിച്ചുവെന്ന് കരുതി ആരും ജോലി വിടില്ലെന്നും നഹീൽ വ്യക്തമാക്കി.
ഈ വർഷം രണ്ടാം തവണയാണ് ഖത്തറിലെ മലയാളികൾ അബുദാബി ബിഗ് ടിക്കറ്റിൽ വിജയികൾ ആവുന്നത്. ഓഗസ്റ്റിൽ നടന്ന നറുക്കെടുപ്പിൽ ഖത്തറിൽ നിന്നുള്ള 20 പേരടങ്ങിയ സംഘത്തിന് 35 കോടിയോളം രൂപ സമ്മാനം ലഭിച്ചിരുന്നു.
ഞായറാഴ്ച നടന്ന നറുക്കെടുപ്പിെലെ മറ്റു ജേതാക്കൾ: മുഹമ്മദ് ഹാസിം (റേഞ്ച് റോവർ), ഏഞ്ചലോ ഫെർണാണ്ടസ് (10 ലക്ഷം ദിർഹം), ജഈൻ ലീ (1 ലക്ഷം), മഞ്ജു തങ്കമണി മധു (90,000), ജെഫ്രി പുമറെജ (80,000), ഷാജിർ ജബ്ബാർ (70,000), അൻസാർ എം.ജെ (60,000), ശ്യാംകുമാർ പിള്ള (50,000).
ചിത്രം: നഹീൽ (ഇടത്), ഷിനോയ് പയ്യന്നൂർ (വലത്)