ഇൻഡസ്ട്രിയൽ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്തു തുടങ്ങി

ദോഹ: ഇൻഡസ്ട്രിയൽ ഏരിയയിലെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യാനുള്ള സംയുക്ത ക്യാമ്പയിൻ യന്ത്രോപകരണ, പൊതുശുചിത്വ ഡിപ്പാർട്ട്‌മെന്റുകളും ദോഹ മുൻസിപ്പാലിറ്റിയും ആരംഭിച്ചു. 2017 ലെ പൊതുശുചിത്വ നിയമം 18 പ്രകാരം, രാജ്യത്തെ പൊതുസമതലങ്ങളും ദൃശ്യഭംഗിയും നശിപ്പിക്കുന്നതിനെതിരെയാണ് ഞായറാഴ്ച മുതൽ ആരംഭിച്ച ക്യാമ്പയിൻ പ്രവർത്തിക്കുന്നത്.

ഇൻഡസ്ട്രിയിൽ ഏരിയയിലെ നീക്കം ചെയ്യൽ ജോലികൾ രണ്ടാഴ്ച്ച കൂടി തുടരുമെന്നും തുടർന്ന് ഒരു മുൻസിപ്പാലിറ്റിയിൽ രണ്ട് ഘട്ട ക്യാമ്പയിൻ എന്ന കണക്കിൽ മറ്റു മുൻസിപ്പാലിറ്റികളിലേക്ക് കൂടി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും ദോഹ നഗരസഭ കണ്ട്രോൾ സെക്ഷൻ തലവൻ ഹമദ് സുൽത്താൻ അൽ ഷെഹ്‌വാനി അറിയിച്ചു.

രണ്ടാം ഘട്ടം ജൂലൈയോടെ അൽ ഷമൽ മുൻസിപ്പാലിറ്റിയിൽ തുടങ്ങും. തുടർന്ന് യഥാക്രമം അൽ ഖോർ, അൽ.താഖിറ, അൽ ദായെൻ, ഉമ്മ് സ്‌ലാൽ, അൽ ഷീഹനിയ, ദോഹ, അൽ റയ്യാൻ, അൽ വക്ര മുൻസിപ്പാലിറ്റികളിലേക്ക് നീക്കം ചെയ്യൽ ജോലികൾ കടക്കും.

2021 ജനുവരി മുതൽ രാജ്യത്ത് 7000-ത്തോളം ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ നഗരസഭ മാറ്റിയതായി അൽ ഷഹ്‌വാനി അറിയിച്ചു. ഇതിന് പുറമെ കൂടുതൽ വർക്ക്ഷോപ്പുകളും ഗാരേജുകളും സ്ഥിതി ചെയ്യുന്ന ഇൻഡസ്ട്രിയൽ ഏരിയയിൽ മാത്രം 700 മുതൽ 800 വരെ ഉപയോഗശൂന്യമായ വാഹനങ്ങൾ നിലവിൽ കണ്ടെത്തിയിട്ടുണ്ട്.

Exit mobile version