വീസ ചട്ടം ലംഘിച്ച പ്രവാസികൾക്ക് ഒത്തുതീർപ്പ് തുകയിൽ 50% ഇളവ് പ്രഖ്യാപിച്ച് ഖത്തർ

തൊഴിലാളികളുടെ റസിഡൻസ് പെർമിറ്റ് നടപടിക്രമങ്ങൾ പൂർത്തീകരിക്കാത്തതും പുതുക്കാത്തതുമായ കമ്പനികൾക്കുള്ള സെറ്റിൽമെന്റ് തുകയിൽ 50 ശതമാനം ഇളവ് വരുത്താൻ തീരുമാനിച്ചതായി ഏകീകൃത സേവന വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ അബ്ദുല്ല അൽ അൻസാരി പറഞ്ഞു. ഖത്തറിൽ എന്‍ട്രി, എക്‌സിറ്റ് നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ച്, വീസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്ന പ്രവാസികൾക്കുള്ള ഒത്തുതീർപ്പ് തുക പകുതിയായി കുറയ്ക്കുന്നതാണ് പുതിയ തീരുമാനം.

ഇവർക്ക് നിയമപരമായ സ്റ്റാറ്റസ് തിരുത്താനുള്ള സമയപരിധിയായ ‘ഗ്രേസ് പിരീഡി’ലാണ് ഈ ഇളവ് ലഭ്യമാവുക. ഒക്ടോബര്‍ 10 മുതല്‍ ആരംഭിച്ച ഗ്രേസ് പിരീഡ് ഡിസംബര്‍ 31 ന് അവസാനിക്കും.

നിയമലംഘനം നടത്തിയ പ്രവാസിയോ അല്ലെങ്കിൽ തൊഴിലുടമയോ ഒത്തുതീർപ്പിനുള്ള അഭ്യർത്ഥന നിർദ്ദിഷ്ട കാലയളവിനുള്ളിൽ സെർച്ച് ആന്റ് ഫോളോ അപ് ഡിപ്പാർട്ട്‌മെന്റി (സലാൽ റോഡ്) ൽ  സമർപ്പിക്കണമെന്നും അൽ അൻസാരി പറഞ്ഞു.

അല്ലെങ്കിൽ ഉമ്മു സുലാൽ സർവീസ് സെന്റർ, ഉമ്മു സുനൈം സർവീസ് സെന്റർ, മുസൈമീർ സർവീസ് സെന്റർ, അൽ വക്ര സർവീസ് സെന്റർ, അൽ റയ്യാൻ സർവീസ് സെന്റർ എന്നിവയുൾപ്പെടെ ഏതെങ്കിലും സേവന കേന്ദ്രങ്ങളിലും ഒത്തുതീർപ്പിനായി എത്താം.

ഉച്ചയ്ക്ക് ഒരു മണി മുതല്‍ ആറു മണി വരെയാണ് ഒത്തുതീര്‍പ്പിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. റെസിഡൻസി ചട്ടം ലംഘിച്ച പ്രവാസികൾ, തൊഴിൽ വീസ ചട്ടം ലംഘിച്ച പ്രവാസികൾ, ഫാമിലി വിസിറ്റ് വിസ ചട്ടം ലംഘിച്ച പ്രവാസികൾ എന്നിവർക്കാണ് ഈ അവസരം പ്രയോജനപ്പെടുക.

ഗ്രേസ് പിരീഡ് ആരംഭിച്ചതിന് ശേഷം ഇതുവരെ കമ്പനി തൊഴിലാളികളിൽ നിന്ന് ഏകദേശം ഇരുപതിനായിരത്തോളം അപേക്ഷകളാണ് സർവീസ് സെന്ററുകൾക്ക് ലഭിച്ചതെന്ന് അൽ അൻസാരി അറിയിച്ചു.  സെറ്റിൽമെന്റ് തുകയിൽ 50% കുറവ് വരുത്തുമെന്ന പ്രഖ്യാപനത്തിന് ശേഷം ഈ സംഖ്യ വർദ്ധിക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.  നടപടിക്രമങ്ങൾ പൂർണ്ണമായും എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version