മലേഷ്യയിലെ കാരംസ് ലോക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ നാല് ഖത്തർ മലയാളികൾ

മലേഷ്യയിലെ ലാങ്ക്വായില്‍ ഇന്നാരംഭിക്കുന്ന എട്ടാമത് കാരംസ് ലോക ചാമ്പ്യൻഷിപ്പിൽ, ഇന്ത്യൻ സ്പോർട്സ് സെന്ററിന് കീഴിൽ
ഖത്തർ ഇന്റർനാഷണൽ കാരംസ് അസോസിയേഷനെ പ്രതിനിധികരിച്ച് 4 മലയാളികൾ പങ്കെടുക്കുന്നു.

കോഴിക്കോട് സ്വദേശി അബ്ദുൽ സലാം, കോഴിക്കോട് ബാലുശ്ശേരി സ്വദേശി അബ്ദുൽ നജീബ്, ആലപ്പുഴ സ്വദേശി അഫ്സൽ യുസുഫ്, കോഴിക്കോട് കൊയിലാണ്ടി സ്വദേശി സൈദ് താഹിർ എന്നിവരാണ് ഇന്ന് മത്സരത്തിനിറങ്ങുക. ഒക്ടോബർ 7 വരെയാണ് ടൂർണമെന്റ്.

നാലു വർഷത്തിലൊരിക്കൽ നടക്കുന്ന കാരംസ് ലോക ചാമ്പ്യൻഷിപ്പിൽ ഇന്‍റർനാഷണൽ കാരംസ് ഫെഡറേഷനിൽ അംഗങ്ങളായ 20 ടീമുകളാണ് പങ്കെടുക്കുക. ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലൻഡ്, പോളണ്ട്, ഇറ്റലി, ചെക്ക് റിപ്പബ്ലിക്, ബ്രിട്ടൻ, സെർബിയ, സ്ലോവാനിയ, യുഎസ്എ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ്, പാകിസ്ഥാൻ, മലേഷ്യ, യുഎഇ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും.

നേരത്തെ ഇന്ത്യൻ എംബസി അപെക്സ് സംഘടനയായ ഇന്ത്യൻ സ്പോർട്സ് സെന്‍റർ സംഘടിപ്പിച്ച ഖത്തർ ഓപൺ കാരംസ് ടൂർണമെന്റിൽ ജേതാവായിരുന്ന അബ്ദുൽസലാം ഖത്തർ റാങ്കിങ്ങിൽ ഒന്നാമതാണ്. കോഴിക്കോട് കിണാശ്ശേരി സ്വദേശിയും വാട്ടർ സപ്ലൈ കമ്പനി ജീവനക്കാരനുമാണ് അദ്ദേഹം.

അബ്ദുൽ നജീബ് ഖത്തറിൽ അക്കൗണ്ട് മാനേജർ ആയും അഫ്‌സൽ യൂസഫ് സെയിൽസ് മാനേജർ ആയും സൈദ് താഹിർ ഹെവി ഡ്രൈവർ ആയും ജോലി ചെയ്യുന്നു.

Exit mobile version