ഖത്തർ എയർവേയ്‌സിലെത്തിയ 2 യാത്രക്കാർക്ക് ഒമൈക്രോൺ സ്ഥിരീകരിച്ചു

ഖത്തർ എയർവേയ്സിൽ ഓസ്‌ട്രേലിയയിൽ എത്തിയ 2 യാത്രക്കാർക്ക് ഒമൈക്രോണ് വൈറസ് സ്ഥിരീകരിച്ചു. ശനിയാഴ്ച ദക്ഷിണാഫ്രിക്കയിൽ നിന്ന് ദോഹ വഴി സിഡ്‌നിയിൽ എത്തിയ യാത്രക്കാർക്കാണ് രോഗബാധ കണ്ടെത്തിയത്. വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ക്വാറന്റീനിലേക്ക് മാറ്റിയതായി ഓസ്‌ട്രേലിയൻ ആരോഗ്യവകുപ്പ് അറിയിച്ചു. 

ഇതോടെ, ജർമ്മനി, യുകെ തുടങ്ങിയ രാജ്യങ്ങൾക്ക് പിന്നാലെ ഓസ്‌ട്രേലിയയിലും ഒമൈക്രോണ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി. 9 ആഫ്രിക്കൻ രാജ്യങ്ങൾക്ക് ഓസ്‌ട്രേലിയ വിലക്ക് ഏർപ്പെടുത്തിയ അതേ ദിവസം തന്നെയാണ് രോഗം സ്ഥിരീകരിക്കുന്നത്. 

രോഗികൾ രണ്ട് ഡോസ് വാക്സീനും പൂർത്തിയാക്കിയവർ ആണെന്നും ഇവർക്ക് പ്രത്യേക ലക്ഷണങ്ങൾ ഒന്നും തന്നെയില്ലെന്നും ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വിഭാഗം അറിയിച്ചു.

അഞ്ച് തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സ് ഇന്നലെയോടെ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഒമൈക്രോണ് വ്യാപനം കൂടിയതോടെ ലോകരാജ്യങ്ങൾ കടുത്ത നിയന്ത്രണത്തിലേക്കാണ് പോകുന്നത്.

Exit mobile version