ഗ്രേസ് പിരീഡ്: രാജ്യം വിടുന്നവർക്ക് 10 ദിവസം; സുപ്രധാന അറിയിപ്പുകളുമായി ആഭ്യന്തര മന്ത്രാലയം

ദോഹ: ഖത്തറിൽ വീസ നിയമം ലംഘിച്ച് അനധികൃതമായി താമസിക്കുന്ന പ്രവാസികളുടെ സ്റ്റാറ്റസ് തിരുത്താനുള്ള ‘ഗ്രേസ് പിരീഡി’ൽ, രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്കുള്ള സമയപരിധി യാത്രാ പെർമിറ്റ് നൽകുന്ന തീയതി മുതൽ പത്ത് ദിവസമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഇവരിൽ, 18 വയസ്സിന് താഴെയുള്ളവരുടെ നാടുകടത്തൽ സംബന്ധിച്ച്, ഇവർക്ക് ഖത്തറിലേക്ക് മടങ്ങാനുള്ള അവകാശം റദ്ദാകുന്നില്ലെന്നും, നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനം പരിഗണിക്കാതെ തന്നെ ഏതെങ്കിലും നിയമപരമായ പ്രത്യാഘാതങ്ങളിൽ നിന്നും കേസുകളിൽ നിന്നും അവരെ ഒഴിവാക്കിയിരിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കി.

2021 ഒക്ടോബർ 10 മുതൽ ആരംഭിച്ച ഗ്രേസ് പിരീഡ്, കമ്പനി ഉടമകളുടെയും പ്രവാസി തൊഴിലാളികളുടെയും താൽപര്യങ്ങൾ കണക്കിലെടുത്ത് 2022 മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.  നിയമ ലംഘകർക്ക് ഒരു തൊഴിലുടമയിൽ നിന്ന് മറ്റൊരു തൊഴിലുടമയിലേക്ക് മാറാനോ അല്ലെങ്കിൽ നിയമപരമായ എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും ഒഴിവായിക്കൊണ്ട് സ്വന്തം താൽപ്പര്യാർത്ഥം രാജ്യം വിടാനോ ഇതിലൂടെ സാധിക്കും.

സൽവ റോഡിലെ സെർച്ച് ആന്റ് ഫോളോ അപ്പ് ഡിപ്പാർട്ട്‌മെന്റിലോ മറ്റു സേവന കേന്ദ്രങ്ങളിലോ ഇതിനായുള്ള അപേക്ഷകൾ സമർപ്പിക്കാം. 50% പിഴയിളവും ലഭിക്കും.

മന്ത്രാലയത്തിന്റെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടുമായി ചേർന്ന് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് സംഘടിപ്പിച്ച വെബിനാറിലാണ് സുപ്രധാന വിവരങ്ങൾ അധികൃതർ പങ്കിട്ടത്.  വിവിധ കമ്മ്യൂണിറ്റികളിൽ നിന്നും കമ്പനികളിൽ നിന്നുമായി 100-ലധികം ആളുകൾ വെബിനാറിൽ പങ്കെടുത്തു.

Exit mobile version