ഖത്തർ ലോകകപ്പ് ടിക്കറ്റിന് ചൂടൻ ഡിമാന്റ്; 24 മണിക്കൂറിൽ 12 ലക്ഷം അപേക്ഷകൾ

ദോഹ: ഇന്നലെ ആരംഭിച്ച 2022 ലെ ഫിഫ ലോകകപ്പ് ഖത്തറിനുള്ള ടിക്കറ്റ് വിൽപ്പന ലോകമെമ്പാടും സൃഷ്ടിച്ചത് വൻ ഡിമാൻഡ്.  പ്രാരംഭ വിൽപ്പന ഘട്ടത്തിന്റെ ആദ്യ 24 മണിക്കൂറിനുള്ളിൽ ലോകമെമ്പാടുമുള്ള ആരാധകർ 1.2 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകളാണ് സമർപ്പിച്ചത്.

ഖത്തർ, അർജന്റീന, മെക്സിക്കോ, യുഎസ്എ, യുഎഇ, ഇംഗ്ലണ്ട്, ഇന്ത്യ, സൗദി അറേബ്യ, ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് ലഭിച്ചത്.

2022 ഡിസംബർ 18-ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിനായി 140,000-ത്തിലധികം ടിക്കറ്റുകളും ഉദ്ഘാടന മത്സരത്തിനായി 80,000-ത്തിലധികം ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെട്ടു.

2022 ഫെബ്രുവരി 8-ന് ദോഹ സമയം ഉച്ചക്ക് ഒരു മണി വരെ നീണ്ടുനിൽക്കുന്ന ഈ ആദ്യ ഘട്ട വിൽപ്പന കാലയളവിൽ, ആരാധകർക്ക് എപ്പോൾ വേണമെങ്കിലും ടിക്കറ്റ് അപേക്ഷ സമർപ്പിക്കാനാകും. ഫെബ്രുവരി 8 വരെ എപ്പോൾ സമർപ്പിക്കുന്നു എന്നത് പ്രസക്തമല്ല. 

അപേക്ഷിച്ച ടിക്കറ്റുകളുടെ എണ്ണം ആഭ്യന്തര/അന്താരാഷ്‌ട്ര വിപണിയിൽ ലഭ്യമായ ടിക്കറ്റ് ഇൻവെന്ററിയെക്കാൾ കൂടുതലാണെങ്കിൽ, ക്രമരഹിതമായ നറുക്കെടുപ്പിലൂടെ ടിക്കറ്റുകൾ അനുവദിക്കും.

നറുക്കെടുപ്പിൽ വിജയിച്ചതും ഭാഗികമായി വിജയിച്ചതും വിജയിക്കാത്തതുമായ എല്ലാ അപേക്ഷകർക്കും അവരുടെ അപേക്ഷകളുടെ ഫലത്തെ കുറിച്ച് 2022 മാർച്ച് 8 ചൊവ്വാഴ്ചയ്ക്കകം അറിയിക്കുന്നതാണ്. ടിക്കറ്റ് അനുവദിക്കപ്പെട്ടവർക്ക് പണമടയ്ക്കേണ്ടതും തുടർ നടപടികളും ലഭ്യമാകും.

ഫിഫ ലോകകപ്പ് ഖത്തർ 2022 ടിക്കറ്റുകൾക്ക് അപേക്ഷിക്കാനുള്ള ഏക ഔദ്യോഗികവും നിയമാനുസൃതവുമായ വെബ്സൈറ്റ് FIFA.com/tickets മാത്രമാണെന്നു ശ്രദ്ധിക്കുക. 

Exit mobile version